വിദ്യാഭ്യാസ വായ്പ: ഗവണ്‍മെന്റിൻ്റെ 'വിദ്യാലക്ഷ്മി' വെബ്സൈറ്റ് നിങ്ങളെ സഹായിക്കും
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ചിലവാക്കേണ്ട തുകയും , അതിനായി വായ്‌പ്പ എടുക്കേണ്ട കാര്യവും ആലോചിച്ചു പലപ്പോഴും നിങ്ങള്‍ വിഷമിച്ചിട്ടുണ്ടാകാം. ഗവെര്‍ന്മെന്റ് നിങ്ങള്‍ക്കായി ഒരു ലളിതമായ വഴി മുന്നോട്ടു വെച്ചിട്ടുണ്ട്. പലിശ നിരക്കും, നിങ്ങള്‍ക്കാവശ്യമായ പണവും അടിസ്ഥാനമാക്കി ഏതു ബാങ്കിലേക്കും ഗവണ്‍മെന്റിന്റെ വിദ്യാലക്ഷ്മി വെബ്സൈറ്റ് വഴി വായ്പ്പയ്ക്കായി നിങ്ങള്‍ക്കു അപേക്ഷിക്കാം.
വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാന്‍ ബാങ്കുകള്‍ കയറിയിറങ്ങേണ്ട. അപക്ഷകര്‍ 'വിദ്യാലക്ഷ്മി' വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നാണ് കേന്ദ്രധനമന്ത്രാലയത്തിന്‍െറ നിര്‍ദേശം.രക്ഷിതാക്കള്‍ക്ക് ബാങ്കില്‍ അക്കൗണ്ട് വേണമെന്നതടക്കമുള്ള നിബന്ധനകളും ഒഴിവായി. ഒരേസമയം ഒന്നിലേറെ ബാങ്കുകളില്‍ വായ്പയ്ക്കപേക്ഷിക്കാം.
അപേക്ഷകര്‍ ചെയ്യേണ്ടത്:
വിദ്യാലക്ഷ്മി വെബ്‌സൈറ്റ് തുറന്ന് രജിസ്ട്രേഷന്‍ കോളം ക്ലിക്ക് ചെയ്യുക.
ഓരോ ബാങ്കുകളും നല്‍കുന്ന വായ്പയുടെ വിവരങ്ങളും പലിശനിരക്കും ഈ സൈറ്റിലുണ്ടാകും
മൊബൈല്‍ നമ്ബറും ഇ-മെയില്‍ വിലാസവും നല്‍കി യൂസര്‍ ഐഡി ഉണ്ടാക്കുക.
24 മണിക്കൂറിനുള്ളില്‍ ഈ മെയിലിലേക്ക് ലിങ്ക് കിട്ടും. ആ ലിങ്ക് ഉപയോഗിച്ചാണ് അപേക്ഷിക്കുക.
പേരും വിലാസവും കോഴ്‌സും കോഴ്‌സിന്റെ കാലാവധിയുമെല്ലാം അതില്‍ ചോദിച്ചിട്ടുണ്ടാകും. അതെല്ലാം പൂരിപ്പിച്ച് സമര്‍പ്പിക്കണം.
താമസസ്ഥലത്തിന് തൊട്ടടുത്ത പട്ടണത്തിലെ ബാങ്ക് ശാഖകളിലേ അപേക്ഷിക്കാന്‍ പാടുള്ളൂ.
മാര്‍ക്ക് ലിസ്റ്റ്, ആധാര്‍കാര്‍ഡ് എന്നിവ സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം കാണിക്കണം.
ചേരാന്‍ ആഗ്രഹിക്കുന്ന കോഴ്‌സിന്റെ ഫീസ്ഘടന, കോളേജിന്റെ പേര് എന്നീ വിവരങ്ങളും ഉള്‍പ്പെടുത്തണം.
അപേക്ഷകള്‍ 24 മണിക്കൂറിനുള്ളില്‍ അതത് ശാഖകളിലെത്തും.
ശാഖാമനേജര്‍ക്ക് കൂടുതലെന്തെങ്കിലും വിവരം അറിയണമെങ്കില്‍ ഇ-മെയില്‍ വഴി ചോദിക്കണം.
ഒരുമാസത്തിനകം വായ്പ അനുവദിച്ചോ ഇല്ലയോ എന്ന വിവരം ഇ-മെയിലില്‍ ലഭിക്കും.
അപേക്ഷ നിരസിച്ചാല്‍ കൃത്യമായ കാരണം നല്‍കണം.
39 ബാങ്കുകളുടെ 70 വിദ്യാഭ്യാസവായ്പാ പദ്ധതികളുമായി ഒറ്റ പോര്‍ട്ടല്‍. അതാണ് വിദ്യാലക്ഷ്മി (www.vidyalakshmi.co.in). അനുയോജ്യമായ വായ്പാപദ്ധതി കണ്ടെത്തിയാല്‍ പോര്‍ട്ടലിലൂടെ അപേക്ഷിക്കാനുമാകും. ഒരോഘട്ടത്തിലെയും വിവരങ്ങള്‍ നമ്മളെ അറിയിക്കുകയുംചെയ്യും. സേവനം പൂര്‍ണമായും സൗജന്യം. നടപടികള്‍ സുതാര്യം.
എസ്.ബി.ഐ., എസ്.ബി.ടി., കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി കേരളത്തില്‍ ശാഖകളുള്ള ഒട്ടേറെ ബാങ്കുകളും പട്ടികയിലുണ്ട്. ഭാരതീയ മഹിളാ ബാങ്കില്‍ വനിതകള്‍ക്ക് പലിശനിരക്കില്‍ ചെറിയകുറവും ലഭിക്കും.
പാവപ്പെട്ടവരും സാധാരണക്കാരുമായ കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് പണം തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിദ്യാലക്ഷ്മി പദ്ധതി ആവിഷ്‌കരിച്ചത്. ധനമന്ത്രാലയത്തിലെ ധനകാര്യ സേവനവിഭാഗം, കേന്ദ്ര മാനവശേഷി മന്ത്രാലയം, ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ എന്നിവയുടെ മാര്‍ഗനിര്‍ദേശപ്രകാരം എന്‍.എസ്.ഡി.എല്‍. ഇഗവേണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റാണ് പോര്‍ട്ടല്‍ നടത്തുന്നത്.
ഏകജാലക സംവിധാനം
ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (IBA) തയ്യാറാക്കിയ മാതൃകാപദ്ധതിയനുസരിച്ചാണ് മിക്കബാങ്കുകളും പഠനച്ചെലവിന് വായ്പ നല്‍കുന്നത്. ചില ബാങ്കുകള്‍ക്ക് അവരുടെതായ വായ്പാ പദ്ധതികളുമുണ്ട്.
സര്‍വകലാശാലകളും അംഗീകൃത കോളേജുകളും നടത്തുന്ന വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍ക്കുമാണ് വായ്പ ലഭിക്കുക. വിദേശത്താണ് പഠനംനടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വായ്പ ലഭ്യമാണ്.
വിദ്യാഭ്യാസ വായ്പകളെപ്പറ്റിയുള്ള എല്ലാവിവരങ്ങളും ഒരിടത്തുനിന്നറിയാം എന്നതാണ് വിദ്യാലക്ഷ്മിയുടെ പ്രത്യേകത. വായ്പാ പദ്ധതികളെപ്പറ്റിയുള്ള അന്വേഷണവും അപേക്ഷ സമര്‍പ്പിക്കലും വീട്ടിലിരുന്നുചെയ്യാം. ഒരേസമയം മൂന്നുബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷനല്‍കാം.
ഇതിനാകട്ടെ, കോമണ്‍ എജ്യൂക്കേഷന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഫോം സ്റ്റൂഡന്റ്‌സ് (CELAF) എന്നപേരിലുള്ള ഒറ്റഅപേക്ഷ മതിയാകും. ബാങ്കുകള്‍ ഈ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് തുടര്‍നടപടികള്‍ക്കായി പരിഗണിക്കും. തുടര്‍നടപടികള്‍ ബാങ്കുകള്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യും.
വായ്പാ നടപടികളുടെ ഓരോഘട്ടവും ഓണ്‍ലൈനായി അറിയാം. അതായത്, വായ്പ അനുവദിക്കുന്നതില്‍ എന്തെങ്കിലും തടസ്സമോ വിശദീകരണത്തിന്റെ ആവശ്യമോ വന്നാല്‍ അപ്പോള്‍ത്തന്നെ അറിയാം. പരാതികളും അന്വേഷണവും ഓണ്‍ലൈനായി നടത്താം. വായ്പ അനുവദിച്ചാല്‍ അക്കാര്യവും പോര്‍ട്ടലിലൂടെ അറിയിക്കും.
സംശയനിവാരണത്തിനുള്ള സൗകര്യവുമുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ വിവിധ സ്‌കോളര്‍ഷിപ്പ് വിവരങ്ങള്‍ അറിയാനും അപേക്ഷിക്കാനുമുള്ള ലിങ്കും പോര്‍ട്ടലിലുണ്ട്. വായ്പ അനുവദിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കിന് പരാതിയും പോര്‍ട്ടലിലൂടെ നല്‍കാം.
തിരിച്ചടവ്
തിരിച്ചടവില്‍ ശ്രദ്ധകാണിച്ചില്ലെങ്കില്‍ വിദ്യാഭ്യാസവായ്പ മിക്കപ്പോഴും കെണിയായി മാറും. അതില്‍നിന്ന് കരകയറാന്‍ പിന്നീട് ഏറെ പണിപ്പെടേണ്ടിവരുമെന്ന് ഓര്‍ക്കണം. കോഴ്‌സ് പൂര്‍ത്തിയാക്കി ഒരുവര്‍ഷത്തിനുള്ളിലോ ജോലിലഭിച്ച് ആറുമാസത്തിനുള്ളിലോ ഏതോണോ ആദ്യം വരുന്നതെന്നുകണക്കാക്കിയാണ് വിദ്യാഭ്യാസവായ്പകള്‍ തിരിച്ചടച്ചുതുടങ്ങേണ്ടത്.
തിരിച്ചടവിന് 90 ദിവസത്തിനുമുകളില്‍ വീഴ്ച വരുത്തിയാല്‍, അടയ്ക്കാന്‍ ബാക്കിയുള്ള തുക മുഴുവന്‍ കിട്ടാക്കടമായി ബാങ്ക് കണക്കാക്കും. ഇത് ഭാവിയില്‍ മറ്റുവായ്പകള്‍ എടുക്കന്നതിന് തടസ്സമാകും. മിക്ക ബാങ്കുകളും 12 മുതല്‍ 14 വരെ ശതമാനമാണ് വായ്പകളില്‍ ഈടാക്കുന്ന വാര്‍ഷികപലിശ നിരക്ക്.
പഠനസമയത്ത് ഓരോ വര്‍ഷവും നല്‍കിയ വായ്പത്തുകയ്ക്കുമാത്രമേ പലിശ കണക്കാക്കൂ. തിരിച്ചടയ്ക്കാന്‍ ബാക്കിനില്‍ക്കുന്ന പലിശയും മുതലും ഉള്‍പ്പെടെ തുല്യമാസത്തവണകള്‍ കണക്കാക്കിയാണ് തിരിച്ചടവ്.