കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ
ദില്ലി: കേന്ദ്രസർക്കാർ രാജ്യത്തേക്കുള്ള കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആഭ്യന്തര ടെലിവിഷൻ ഉൽപ്പാദകർക്ക് വിപണിയിൽ കൂടുതൽ അവസരം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് അവശ്യ വിഭാഗങ്ങളിൽ ഉൾപ്പെടാത്ത സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. ആഭ്യന്തര ടിവി ഉൽപ്പാദന കമ്പനികളുടെ വിപണി വിഹിതം ഇതിലൂടെ വർധിപ്പിക്കാനാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു ഉൽപ്പന്നത്തെ നിയന്ത്രിത വിഭാഗത്തിൽ ഡിജിഎഫ്‌ടി ഉൾപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ ആ ഉൽപ്പന്നം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡിജിഎഫ്‌ടിയിൽ നിന്ന് തന്നെ പ്രത്യേക ഉത്തരവ് വാങ്ങിക്കേണ്ടതുണ്ട്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ടിവി ഇറക്കുമതി ചെയ്യുന്നത് അയൽ രാജ്യമായ ചൈനയിൽ നിന്നാണ്. വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിലെ ടെലിവിഷൻ വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കുന്ന മറ്റ് രാജ്യങ്ങൾ.