എങ്ങനെ ഒരു കുടുബ ബജറ്റ് തയ്യാറാക്കാം ?
ആരോഗ്യ പരമായി നമ്മുടെ ശരീരം നിലനിർത്താൻ നമ്മുടെ ശരീരത്തിലെ രക്ത ചംങ്ക്രമണം ശരിയായ രീതിയിൽ ക്രമീകരിച്ച് ശുദ്ധമായ രക്തം ശരീരത്തിൽ മുഴുവൻ എത്തിക്കുക എന്ന ധർമ്മം ഹ്രദയവും കിഡ്നിയും മറ്റ് അവയവങ്ങളും നിർവഹിച്ചു പോരുന്നത് കൊണ്ടാണ്. പ്രായമാകുമ്പോഴും മറ്റ് ശാരീരിക അവശതകൾ വരുമ്പോഴും ഇതിന്റെ താളക്രമം തെറ്റും അതിന് ഡോക്ടറെ സമീപിക്കണം അതുപോലെ വ്യായാമം തുടങ്ങിയകാര്യങ്ങളിൽ മനുഷ്യൻ ഏർപ്പെടുന്നു. അല്ലാത്ത സാഹചര്യത്തിൽ ഇതിന്റെ ഒന്നും ആവശ്യമില്ല.
അതുപോലെ തന്നെ ആണ് ഒരു ഭരണസംവിധാനം ആണെങ്കിലും വ്യക്തി ആണെങ്കിലും അതിന്റെ നിലനിൽപ്പ് ശരിയായ രീതിയിൽ സാമ്പത്തിക അവസ്ഥ നിലനിർത്തി അതിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമ്പോൾ ആണ് ആരോഗ്യകരമായി ആ സംവിധാനത്തെ നിലനിർത്തി പരിപാലിച്ചു പോരാൻ കഴിയുകയുള്ളൂ. എല്ലാം സാധാരണ നിലയിൽ പോകുകയാണെങ്കിൽ ഒരു പ്രശ്നവുമില്ല. ഒരു അസാധാരണ അവസ്ഥ നേരിടേണ്ടി വരുമ്പോൾ ആ അവസ്ഥ നേരിടാൻ ചിലപ്പോൾ അസുഖകരം എന്ന് തൽക്കാലം തോന്നും എങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ അതിന്റെ നിലനിൽപ്പിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആ സംവിധാനം ബാധ്യസ്ഥമാകുന്നത്.
അവിടേയാണ് കുടുബ ബജറ്റിന്റെ പ്രസക്തി.
ഒരു സാധാരണ കുടുംബത്തിൽ ലഭിക്കുന്ന വരുമാനം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാൻ ആ കുടുംബത്തിന് മുൻ കാലങ്ങളിൽ വന്നിരുന്ന ചിലവുകൾ സംബന്ധിച്ച് ഒരു അവലോകനം ആദ്യം തന്നെ നടത്തണം.
അതിന്റെ അടിസ്ഥാനത്തിൽ ഓരോ മേഘലയിലും വരാവുന്ന ചിലവുകൾക്ക് ഒരു മാനദണ്ഡം നിശ്ചയിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ കുടുബ ബജറ്റ് തയ്യാറാക്കാം. അതിനായി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുന്നത് നല്ലതാണ്.
എങ്ങനെ വേണം ബജറ്റ് തയ്യാറാക്കാൻ:
കുടുംബത്തിന് ഓരോ മാസവും ലഭിക്കാവുന്ന വരുമാനം എത്ര എന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ ചിലവുകൾ തരം തിരിക്കാം.
1) അവശ്യം വേണ്ട ചിലവുകൾക്ക് ഉദാഹരണം .. ആഹാരം, വസ്ത്രം, വീട്ട് വാടക അല്ലെങ്കിൽ ഭവന വായ്പ തിരിച്ചടവ്, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, വൈദ്യുതി, വെള്ളം, യാത്ര ചിലവ്, മരുന്ന്, നികുതി ) വരുമാനത്തിന്റെ ആദ്യ ഭാഗം നീക്കിവെക്കുക .. (വരുമാനത്തിന്റെ പരമാവധി 50% വരേ ഇത്തരം ചിലവുകൾ ക്ക് നീക്കിവയ്കാം )
2) ആവശ്യം വേണ്ട ചിലവുകൾ:
ഇന്ഷുറന്സ്, വാഹനം, സോഷ്യൽ സ്റ്റാറ്റസ് നിലനിർത്താൻ ആവശ്യമായ കൂടിച്ചേരൽ, വിനോദ സഞ്ചാരം, തുടങ്ങിയ കാര്യങ്ങൾക്ക് (വരുമാനത്തിന്റെ 25% വരെ ആവാം) ഈ ചിലവുകൾ ആപേക്ഷീകമാണ് സാഹചര്യം അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ വരുത്താൻ കഴിയും.
3) ദീർഘകാല അടിസ്ഥാനത്തിൽ വേണ്ട സമ്പാദ്യം സ്വരൂപിക്കൽ:
ഒരു വ്യക്തിയുടെ ജീവിത സാഹചര്യവും അയാളുടെ ജോലിയിൽ നിന്ന് വിരമിച്ച് വരുമാനം നിലയ്ക്കുന്ന സാഹചര്യത്തിൽ സ്ഥിര വരുമാനം ഉറപ്പ് വരുത്താൻ വേണ്ട നിക്ഷേപം സമാഹരിക്കൽ.
ഇവിടെ രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ഒന്നാമതായി .. പെട്ടെന്ന് ഒരു ആവശ്യം വന്നാൽ പൈസ പെട്ടെന്ന് കൈയ്യിൽ എത്താൻ ആവശ്യമായ കാര്യങ്ങളിലുള്ള നിക്ഷേപം ഉദാ: ഡെബിറ്റ് ഫണ്ട് നിക്ഷേപം, ഷെയർ മാർക്കറ്റിൽ അതുപോലെ ചെറുകിട സമ്പാദ്യ പദ്ധതികളിലൂടെ നടത്താവുന്ന നിക്ഷേപം. സ്വർണം.
രണ്ടാമതായി .. ദീർഘകാല അടിസ്ഥാനത്തിൽ ആവശ്യമായി വരുന്ന ചിലവുകൾ മുൻനിർത്തിയുള്ള നിക്ഷേപം .. ഭൂമി, അതുപോലെ സ്വർണം പോലുള്ള വസ്തുക്കളിൽ നടത്താവുന്ന നിക്ഷേപം .. ഇത് ഉപയോഗിച്ച് മക്കളുടെ വിവാഹം നടത്താൻ, വാഹനം, ഭവന വായ്പ തുടങ്ങിയ വയുടെ പൂർണ്ണമായുള്ള തിരിച്ചടവ്, ലൈഫ് ഇൻഷുറൻസ്, ദീർഘകാല അടിസ്ഥാനത്തിൽ ബാങ്ക് നിക്ഷേപം, മ്യൂച്ചൽ ഫണ്ട്, വാർദ്ധക്യ കാലത്ത് ആവശ്യം വേണ്ട ചിലവുകൾക്കുള്ള ചിലവുകളും മുൻനിർത്തി നടത്തുന്ന നിക്ഷേപം ഈ ഗണത്തിൽ പെടുന്നു. ഈ നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് വരുമാന നികുതി യിൽ ഇളവ് ലഭിക്കാൻ സാധ്യതയുള്ള നിക്ഷേപങ്ങൾ ഏതെന്ന് മനസ്സിലാക്കി അതാത് വ്യക്തിയുടെ ടാക്സ് പ്ലാൻ കണക്കാക്കി വേണം നടത്താൻ. ( വരുമാനത്തിന്റെ 25% വരെ ഈ ചിലവ് വരാം,)
ഇങ്ങനെ ഒരു ബജറ്റ് തയ്യാറാക്കുകയും ഓരോ മാസവും വരുന്ന ചിലവുകൾ ഈ ബജറ്റുമായി തട്ടിച്ചു നോക്കി ആവശ്യമായ കൂട്ടിച്ചേർക്കലുകൾ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ എടുത്ത് വേണ്ട മാറ്റങ്ങൾ വരുത്തി ഒരു ആരോഗ്യകരമായ കുടുംബം കെട്ടിപ്പടുക്കുന്നതോടൊപ്പം സന്തോഷകരമായ വിശ്ര കാലവും ഉറപ്പാക്കാൻ കഴിയും.