ബജറ്റിൽ പ്രളയ സെസ് പ്രഖ്യാപിച്ചു
നവകേരള നിര്‍മിതിക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ പുനര്‍നിര്‍മാണത്തിന് തുക സ്വരൂപിക്കാന്‍ പ്രളയ സെസ് പ്രഖ്യാപിച്ചു .പുനര്‍നിര്‍മാണത്തിന് പണംകണ്ടെത്താന്‍ ഉത്പന്നങ്ങളുടെ നികുതി ഒരുശതമാനം കൂട്ടും. എന്നാല്‍, ജി.എസ്.ടി.യില്‍ അഞ്ചുശതമാനം നിരക്ക് ബാധകമായ ഉത്പന്നങ്ങള്‍ക്ക് ഈ വര്‍ധന ബാധമാക്കില്ല.സെസ്സ് കേരളത്തിനു മാത്രം, ബാധകമായതു കൊണ്ട് , സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത് വീണ്ടും വ്യാപകമാകുമോ എന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ദേശീയ, സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകളില്‍ നിന്നുള്ള ധനം അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ചില ഉല്‍പന്നങ്ങള്‍ക്കു ദേശീയാടിസ്ഥാനത്തില്‍ ജിഎസ്ടിയില്‍ അധിക സെസ്സ് ചുമത്തി അധിക വിഭവ സമാഹരണത്തിന് ധാരണയായത്.
സംസ്ഥാനബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി. പ്രളയസെസ് ഇത്രയധികം വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും. 27 വിഭാഗങ്ങള്‍ക്ക് ആനുകൂല്യം നല്‍കിയ സര്‍ക്കാര്‍ വ്യാപാരമേഖലയെ പരിഗണിച്ചില്ലെന്നും അവർ ആരോപിച്ചു. വ്യാപാരമേഖലയ്ക്ക് ഒരു പരിഗണനയും നല്‍കാത്ത ബജറ്റാണിത്. പ്രളയസെസ് ഏര്‍പ്പെടുത്തിയതോടെ നിത്യോപയോഗസാധനങ്ങള്‍ക്കും ഗൃഹോപകരണങ്ങളും ഉള്‍പ്പടെ 12, 18, 28 സ്ലാബുകളിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടിയ സാഹചര്യമാണ്. ഇത് വലിയ രീതിയില്‍ നഷ്ടമുണ്ടാക്കുമെന്നും വ്യാപാരം കുത്തനെ ഇടിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.