ഗ്രാറ്റുവിറ്റി പരിധി കൂട്ടാന്‍ നിര്‍ദേശം; 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷത്തിലേക്ക് ഉയര്‍ത്തി
ഗ്രാറ്റുവിറ്റി പരിധി കുത്തനെ വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. നിലവില്‍ പത്ത് ലക്ഷമാണ് പരിധി. ഇത് 30 ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ് ബജറ്റില്‍ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദേശിച്ചിരിക്കുന്നത്. 1972ലാണ് ഗ്രാറ്റുവിറ്റി നിയമം നടപ്പാക്കിയത്. ഇതുപ്രകാരം പത്തോ അതില്‍ കൂടുതലോ വ്യക്തികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ട്. ജീവനക്കാരന്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ജോലി ചെയ്തിരിക്കണം എന്നുമാത്രം. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നികുതി ഒഴിവുള്ള ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി വര്‍ധിപ്പിച്ചിരുന്നു. ഈ തീരുമാനം കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. അതിന് പുറമെയാണ് പുതിയ പ്രഖ്യാപനം.
3.4 ശതമാനമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനകമ്മി. ലക്ഷ്യമിട്ടിരുന്നത് 3.3 ശതമാനമാണ്. പണപ്പെരുപ്പം 4.6 ശതമാനമായി. ധനകമ്മി ഏഴ് വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണിപ്പോള്‍. കാര്‍ഷിക, ചെറുകിട വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ചെലവ് വന്ന സാഹചര്യങ്ങള്‍ മറികടന്നാണ് ധനകമ്മി കുറയ്ക്കാന്‍ സാധിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ധനകമ്മി കുറയുന്നത് സമ്പദ് വ്യവസ്ഥ ശക്തമാണ് എന്ന് സൂചിപ്പിക്കുന്നതാണ്.
പുതിയ കണക്കുകള്‍ വ്യവസായികള്‍ക്ക് ആത്മവിശ്വാസം പകരും. ഇന്ത്യന്‍ സാമ്പത്തിക രംഗം ശക്തമാണെന്ന് ബോധ്യപ്പെടുമ്പോള്‍ കൂടുതല്‍ നിക്ഷേപം ലഭിക്കാന്‍ ഇടയുണ്ട്. മാത്രമല്ല, റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ റേറ്റിങ് വര്‍ധിപ്പിക്കുകയും ചെയ്‌തേക്കാം.