5 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ ജിഎസ്ടി ഇ-ഇന്‍വോയിസ് നിര്‍ബന്ധം
5 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി ഇ-ഇൻവോയിസ് നിര്‍ബന്ധമാക്കുന്നു.
ഓഗസ്റ്റ് 1 മുതലാണ് ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ബിസിനസ് സ്ഥാപനങ്ങള്‍ ജിഎസ്ടി ഇ-ഇൻവോയിസ് സമര്‍പ്പിക്കേണ്ടത്. ചരക്ക് നീക്കം, സേവനം, കയറ്റുമതി എന്നിവയ്ക്ക് ഇ-ഇൻവോയിസ് ബാധകമാണ്. ജിഎസ്ടി വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം ആവിഷ്കരിച്ചിരിക്കുന്നത്.
മുൻപ് 10 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരവ് ഉള്ള ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമായിരുന്നു ജിഎസ്ടി ഇ-ഇൻവോയിസ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഈ പരിധി 5 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. ഇതോടെ, കൂടുതല്‍ പേര്‍ ഇ-ഇൻവോയ്സ് സമര്‍പ്പിക്കേണ്ടിവരും. കേരളത്തില്‍ മാത്രം ഏകദേശം 5,000-ലധികം പേരാണ് ഈ പരിധിയില്‍ ഉള്‍പ്പെടാൻ സാധ്യത. അതേസമയം, ഇ-ഇൻവോയിസ് നിര്‍ബന്ധമാക്കുന്നത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് കച്ചവടക്കാര്‍ ആരോപിച്ചിട്ടുണ്ട്.
ജിഎസ്ടി ഇ-ഇൻവോയിസ് നിര്‍ബന്ധമാക്കുന്നതോടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പണം എന്നിവ കൂടുതല്‍ സുതാര്യമാകുന്നതാണ്. കൂടാതെ, നികുതി വരുമാനം മെച്ചപ്പെടുത്താനും, വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പുകള്‍ നടത്തുന്നത് തടയാനും സാധിക്കും. ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കാണ് (ബി-2-ബി) ജിഎസ്ടി ഇ-ഇൻവോയിസ് ബാധകം. പ്രത്യേക സാമ്ബത്തിക മേഖലയിലെ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇൻഷുറൻസ് സ്ഥാപനങ്ങള്‍, മള്‍ട്ടിപ്ലക്സുകള്‍, യാത്രാ സര്‍വീസ് ഏജൻസികള്‍ എന്നിവയെ ഇ-ഇൻവോയിസ് പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.