2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി വരുമാനത്തിൽ സമാഹരിച്ചത് 1.6 ലക്ഷം കോടി
രാജ്യത്ത് മാർച്ച് മാസത്തിലെ ജിഎസ്ടി സമാഹരണത്തിൽ വൻ മുന്നേറ്റം. 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി വരുമാനത്തിൽ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപയാണ്. തുടർച്ചയായ 12 മാസങ്ങളായി കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
2023 മാർച്ചിൽ കേന്ദ്രത്തിന്റെയും, സംസ്ഥാനങ്ങളുടെയും ആകെ വരുമാനം യഥാക്രമം 62,954 കോടിയും, 65,501 കോടിയുമാണ്. 2022 മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലെ റെക്കോർഡ് വരുമാനത്തിന് തൊട്ടുപിറകിലാണ് മാർച്ചിലെ വരുമാനം. 2022 ഏപ്രിലിൽ 1.67 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ജിഎസ്ടി ആരംഭിച്ചതിനു ശേഷമുള്ള എക്കാലത്തെയും ഉയർന്ന നിരക്ക് കൂടിയാണിത്. 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം നാല് തവണയാണ് ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി രൂപ പിന്നിട്ടത്