25000 കോടി രൂപ കേരളത്തിന് ഐ.ജി.എസ്.ടി. നഷ്ടപരിഹാരം കിട്ടാനുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വിവരാവകാശ രേഖ
കൊച്ചി: 25000 കോടി രൂപ കേരളത്തിന് ഐ.ജി.എസ്.ടി. നഷ്ടപരിഹാരം കിട്ടാനുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇതു സംബന്ധിച്ച് വിവരാവകാശ രേഖ. ഇത്തരമൊരു കണക്ക് സംബന്ധിച്ചുള്ള പൊതു ചെലവ് പുനഃപരിശോധനാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് (എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി) ലഭിച്ചിട്ടില്ല എന്നാണ് വിവരാവകാശ രേഖ.
25000 കോടി രൂപ സംസ്ഥാനത്തിന് കിട്ടാനുണ്ടെന്ന എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉണ്ട് എന്ന വാർത്ത ചൂണ്ടിക്കാട്ടി എം.കെ. പ്രേമചന്ദ്രന്‍ എം.പി., പാര്‍ലമെന്റില്‍ ചോദ്യവും ഉന്നയിച്ചിരുന്നു.
എന്നാല്‍, ഇത്തരത്തില്‍ വലിയൊരു തുക കേരളത്തിനു കിട്ടാനുണ്ടോയെന്ന് സ്വഭാവികമായി സംശയിച്ച് പ്രമുഖ ടാക്സ് പ്രാക്ടീഷനർ ജേക്കബ് സന്തോഷ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് അങ്ങനെയൊരു റിപ്പോര്‍ട്ട് ധനകാര്യ വകുപ്പിന് ലഭിച്ചിട്ടില്ല എന്നു വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ പൊതുചെലവുകള്‍ പുനഃപരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചാം പുനഃപരിശോധനാ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ കമ്മറ്റി ഡോ. ഡി. നാരായണ, മുന്‍ ഡയറക്ടര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ അധ്യക്ഷന്‍ ആയി നാലംഗ കമ്മിറ്റി 2022 സെപ്റ്റംബറില്‍ നിലവില്‍ വന്നത്. ഡോ. എന്‍. രാമലിംഗം(അസോ. പ്രഫ. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ഡോ. പി.എല്‍. ബീന(അസോ. പ്രഫ. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്, സിദ്ധിഖ് റാബിയത്ത്(ഡയറക്ടര്‍, ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്‌സ്) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച അഞ്ചാം പുനഃപരിശോധനാ കമ്മിറ്റിയുടെ കാലാവധി 2021 മെയ് മാസം കഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ കമ്മറ്റി രൂപീകരിച്ചത്.
ആറാം പൊതുചെലവ് പുനഃപരിശോധനാ കമ്മിറ്റിയുടെ ഒരു റിപ്പോര്‍ട്ടും ഇതുവരെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല എന്നാണ് സംസ്ഥാന ധനകാര്യ വകുപ്പ് വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കുന്നത്. അപ്പോള്‍ പിന്നെ കേരളത്തിനു കിട്ടാനുണ്ടെന്നു വ്യാപക പ്രചാരണമുണ്ടായ 25000 കോടിയുടെ കണക്ക് എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
കഴിഞ്ഞ മാസം 13 ന് കേരളത്തിന് എത്ര ജി.എസ്.ടി. നഷ്ടപരിഹാരം കിട്ടാനുണ്ടെന്ന് എം.കെ. രാഘവന്‍ എം.പിയും പാര്‍ലമെന്റില്‍ ചോദിച്ചിരുന്നു. എല്ലാ രണ്ടുമാസം കൂടുമ്പോഴും അതത് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ജി.എസ്.ടി. നഷ്ടപരിഹാരം വിഹിതം നല്‍കിപ്പോരുന്നുണ്ടെന്നും ഇതു കേരളത്തിനും നല്‍കുന്നുണ്ടെന്നുമാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ എം.കെ. രാഘവന് നല്‍കിയ മറുപടിയില്‍ പറയുന്നത്. വര്‍ഷാന്ത്യം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തയാറാക്കിയ വാര്‍ഷിക റവന്യൂ കണക്കുകള്‍ അനുസരിച്ച് ഫൈനല്‍ എങ്ങോട്ടാണെന്ന് കണക്കാക്കണം. ചിലപ്പോള്‍ സംസ്ഥാനം അധികം തുക പറ്റിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കും. മറിച്ചാണെങ്കില്‍ കേന്ദ്രം നല്‍കും. ഈ കണക്ക് കേരളം 2017-18 മുതല്‍ 2021-22 വരെ നല്‍കിയിട്ടില്ലെന്നും ധനകാര്യ സഹമന്ത്രിയുടെ മറുപടിയിലുണ്ട്.
കേരളത്തിൽ ഒരു മുഖ്യധാരാ മാധ്യമം ആണ് ഇങ്ങനെ ഒരു വാർത്ത വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഉണ്ടായ വിവാദത്തിൽ ഇത് സംബന്ധിച്ച് ബഹു. കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. ബാലഗോപാൽ മറുപടി നൽകിയിരിക്കുന്നു സംസ്ഥാനത്തിന് ആകെ ജി എസ് ടി നഷ്ടപരിഹാരം ആയി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത് 750 കോടി മാത്രം ആണ് എന്ന്.
എന്താണ് ചരക്ക് സേവന നികുതി ( സംസ്ഥാനങ്ങൾക്ക്) നിയമം 2017.
ചരക്ക് സേവന നികുതി നികുതി നിയമം 2017 ൽ നിലവിൽ വന്നപ്പോൾ തന്നെ ( സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം) നിയമം എന്ന പേരിൽ മറ്റൊരു നിയമവും പാസാക്കിയിരുന്നു.
ഇത് പ്രകാരം ചരക്ക് സേവന നികുതി നിലവിൽ വരുന്നതിന് മുമ്പ് സംസ്ഥാനങ്ങൾക്ക് വിൽപ്പന നികുതി, വാങ്ങൽ നികുതി, ഒക്റ്ററോയ്, പരസ്യ നികുതി, എൻ്റർടെയിൻമെൻ്റ് നികുതി , മറ്റെന്തെങ്കിലും നികുതി, സെസ് തുടങ്ങിയ വരുമാന സ്രോതസ് എല്ലാം ചരക്ക് സേവന നികുതി നിലവിൽ വരുന്നതോടെ ഇല്ലാതാകുന്നു. അങ്ങനെ വരുമ്പോൾ അതത് സംസ്ഥാനങ്ങൾക്ക് ആനുപാതികമായി വരാവുന്ന നഷ്ടം നികത്താൻ കൊണ്ട് വന്നതാണ് പ്രസ്തുത നിയമം.
ഇത് പ്രകാരം 2015-16 വർഷത്തെ വരുമാനം അടിസ്ഥാനമായി കണക്കാക്കി, തുടർന്ന് വരുന്ന ഓരോ വർഷവും പതിനാല് ശതമാനം വളർച്ച പ്രൊജക്ട് ചെയ്ത് ഓരോ സംസ്ഥാനത്തിനും എത്ര രൂപ വർഷാവർഷം ലഭിക്കുമോ അത്രയും രൂപ വരുമാനം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
ജി എസ് ടി സംസ്ഥാന നഷ്ടപരിഹാര നിയമപ്രകാരം ഓരോ രണ്ട് മാസം കൂടുമ്പോഴും സംസ്ഥാനങ്ങൾക്ക് ലഭിച്ച നികുതി വരുമാനം എത്ര എന്ന് നോക്കി, ആ വർഷം അവർക്ക് എത്ര രൂപ ആണ് പ്രൊജക്റ്റ്, അതിന്റെ ആനുപാതികമായ തുക കേന്ദ്ര സർക്കാർ നൽകും. ഇങ്ങനെ രണ്ടു മാസം കൂടുമ്പോൾ നൽകിയ നഷ്ടപരിഹാരം വർഷാവസാനം സംസ്ഥാനത്തിന്റെ ഫൈനൽ റവന്യൂ വരുമാനം കമ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സെറ്റിൽ ചെയ്യും. ( സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം) നിയമം 2017 വകുപ്പ് 7. ഈ നിയമപ്രകാരം ഉള്ള നഷ്ടപരിഹാരം ജി എസ് ടി നടപ്പായി ആദ്യത്തെ അഞ്ചു വർഷത്തേക്ക് മാത്രം ആയിരിക്കും.
കേരളത്തിൽ നിന്ന് രണ്ട് എം പി മാർ ചോദിച്ച ചോദ്യം തന്നെ ആന്ത്രയിൽ നിന്നുള്ള എംപി യും ചോദിച്ചു. അദ്ദേഹത്തിനും ധനകാര്യ വകുപ്പ് ശ്രീ. എം കെ രാഘവൻ എംപി ക്ക് നൽകിയ പോലെ ചരക്ക് സേവന നികുതി (സംസ്ഥാന നഷ്ടപരിഹാരം) നിയമം 2017 പ്രകാരം വകുപ്പ് 7(2) പ്രകാരം ഓരോ രണ്ട് മാസം കൂടുമ്പോഴും കണക്കുകൾ പരിശോധിച്ച് അഡ് ഹോക്ക് ആയി നഷ്ടപരിഹാരം നൽകി പോരുന്നുണ്ട്. ആന്ത്ര സർക്കാരിൽ നിന്നും കമ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറലിന്റെ വാർഷിക റവന്യൂ കണക്കുകൾ അനുസരിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് ലഭിക്കാത്തതിനാൽ 2017-18 മുതൽ 2021-22 വരെ വർഷങ്ങളിലെ ഫൈനൽ സെറ്റിൽമെന്റ് നടത്തിയിട്ടില്ല എന്ന്.
ഇല്ലാത്ത ഭൂതത്തെ ഭരണിയിൽ നിന്ന് തുറന്നു വിട്ട് അതിൽ നിന്ന് തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് ഒരു സമൂഹത്തിൽ മുഴുവൻ തെറ്റിദ്ധാരണ പരത്തുന്ന മാധ്യമപ്രവർത്തനത്തെ തിരിച്ചറിഞ്ഞ് അകലം പാലിക്കുക എന്നത് മാത്രമാണ് ചെയ്യാവുന്നത്.