ആക്രി കച്ചവടത്തിന്‍റെ മറവിൽ 12 കോടിയുടെ ജിഎസ്‍ടി തട്ടിപ്പ്, രണ്ട് പെരുമ്പാവൂർ സ്വദേശികള്‍ അറസ്റ്റില്‍
ആക്രി കച്ചവടത്തിന്‍റെ മറവിൽ 12 കോടിയുടെ ജി എസ്‍ ടി തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്.ആക്രി കച്ചവടത്തിന്‍റെ മറവിൽ വ്യാജ ബില്ല് ഉണ്ടാക്കിയായിരുന്നു വെട്ടിപ്പ്. ഒളിവിലായിരുന്ന ഇരുവരെയും സംസ്ഥാന ജിഎസ്‍ടിയുടെ കോട്ടയം യൂണിറ്റ് ആണ് പ്രതികളെ പിടികൂടിയത്. ജൂൺ മാസം മുതൽ പ്രതികൾ ഒളിവിലായിരുന്നു.
പെരുമ്പാവൂരിൽ ആക്രിക്കച്ചവടത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ആക്രിവ്യാപാരത്തിന്റെ മറവിൽ 250 കോടി രൂപയുടെ വ്യാജബിൽ നിർമിച്ചതായാണ് കണ്ടെത്തൽ.
ജിഎസ്ടി വിഭാഗം നടത്തിയ റെയ്ഡിലാണ് നികുതി വെട്ടിപ്പ് പിടികൂടിയത്. സായുധ പോലീസിന്റെ സഹായത്തോടെയായിരുന്നു ജിഎസ്ടി വിഭാഗത്തിന്റെ റെയ്ഡ്.
നിരക്ഷരരായവരുടെ വോട്ടർ ഐഡിയും ആധാർ കാർഡും വാങ്ങി വ്യാജ രജിസ്‌ട്രേഷൻ നടത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ജിഎസ്ടി അധികൃതർ വ്യക്തമാക്കി. 25 കോടിയോളം രൂപ ജിഎസ്ടി ഇനത്തിൽ മാത്രം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതികളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും ഉൾപ്പെടെയാണ് ജിഎസ്ടി സംഘം റെയ്ഡ് നടത്തിയത്. പെരുമ്പാവൂരിൽ ആക്രി കൂടാതെ അടയ്‌ക്ക വ്യാപാരത്തിന്റെയും പ്ലൈവുഡിന്റെയും എല്ലാം മറവിൽ ജിഎസ്ടി വെട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് വിവരം.