ജിഎസ്ടി ഉദ്യോഗസ്ഥര്‍ പോലീസ് മുറ സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്ന് : ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍ നാസര്‍
സ്വര്‍ണാഭരണശാലകളില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തുന്നത് നിയമവിരുദ്ധമായ പരിശോധനകളാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ .എസ്. അബ്ദുള്‍ നാസര്‍.
കേരളത്തിലെ നികുതി സംവിധാനം ഉപയോഗിച്ച് ചെറുകിട സ്വർണ്ണ കടകളെ മോശമായി ചിത്രീകരിക്കാൻ നികുതി ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നതായും അദ്ദേഹം ടാക്സ് കേരളയോട് പറഞ്ഞു.
1000 കോടിയുടെ നികുതിവെട്ടിപ്പെന്നത് ഊതിവീര്‍പ്പിക്കപ്പെട്ട കണക്കാണ്. തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള 33 കടകളിലാണ് സ്റ്റേറ്റ് ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പ്രസ്തുത പ്രദേശത്തെ രണ്ട് കടകളിൽ സെൻട്രൽ ജി എസ് ടി പരിശോധന നടത്തിയതിനാൽ ആ കടകളെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയതായും അറിയുന്നു.
ചെറുകിട, ഇടത്തരം ജ്വല്ലറികളില്‍ മാത്രമാണു കഴിഞ്ഞ ദിവസം ഇവര്‍ റെയ്ഡ് നടത്തിയിട്ടുള്ളത്. വിമാനത്താവളങ്ങള്‍ വഴി വരുന്ന കള്ളക്കടത്ത് സ്വര്‍ണത്തെക്കുറിച്ച് ഒരുതരത്തിലും അന്വേഷിക്കാറില്ല. സ്വര്‍ണവ്യാപാര മേഖലയെ മാത്രം തെരഞ്ഞുപിടിച്ചാണ് പരിശോധനകൾ നടത്തിയത്.
ജിഎസ് ടി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തുന്ന വാഹനങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ബോര്‍ഡ് വയ്ക്കുന്നില്ല. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ വളരെ മോശമായി കടയുടമകളോടും ജീവനക്കാരോടും പെരുമാറുന്നു. സിസിടിവി ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്യാതെ ഓഫ് ചെയ്യുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു.
കടയുടമയുടെ മാതാപിതാക്കളെ ഭയപ്പെടുത്തുന്നു. ചോദ്യം ചെയ്യലിനിടെ അവരുടെ ബോധം നഷ്ടപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോലും തയ്യാറായില്ല. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് അവർ നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ എന്ന പേരിൽ കാർ ഡ്രൈവർമാർ പോലും കടയുടമയെയും ജീവനക്കാരെയും പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ടാക്സ് കേരളയോട് പറഞ്ഞു.
പ്രത്യേക വാറണ്ടില്ലാതെ വീടു പരിശോധിക്കാനുള്ള അവകാശം ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്കില്ല. വൈകുന്നേരം അഞ്ചിനുശേഷം വാറണ്ട് ഉണ്ടെങ്കില്‍ പോലും വീടുകളില്‍ കയറാന്‍ അധികാരമില്ല. സുതാര്യതയില്ലാത്ത പരിശോധനകള്‍ നിര്‍ത്തിവയ്ക്കണം. ജിഎസ്ടി ഉദ്യോഗസ്ഥര്‍ പോലീസ് മുറ സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കടകളും സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ബില്ലുകൾ നടത്തി വരുന്നതും എന്നാൽ പരിശോധന നടന്ന കടകളിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബില്ലുകൾ കുറച്ചു കാണിച്ചു എന്നുള്ള ആരോപണവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള ജി എസ് ടി വകുപ്പിൽ നിന്നും ഉണ്ടായ നടപടിക്കെതിരെ നിയമപരമായും സമരമുറകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു