ജി.എസ്.ടി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധവളപത്രമിറക്കണം.-ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള.
ആലുവ: ജി.എസ്.ടി. ആറുവർഷം പിന്നിടുമ്പോൾ, വ്യാപാര-സാമ്പത്തിക മേഖലകളിലുണ്ടാക്കിയ ചലനങ്ങളുടെ യഥാർത്ഥചിത്രം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധവളപത്രമിറക്കണമെന്ന് ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ, സംസ്ഥാനതല സെമിനാർ ആവശ്യപ്പെട്ടു.
ആറ് വർഷങ്ങൾക്കുള്ളിൽ ലഭിച്ച നികുതി വരുമാനവും, കേന്ദ്ര-സംസ്ഥാനങ്ങൾക്കുള്ള വരുമാന അനുപാതവും, നികുതി ഏറ്റക്കുറച്ചിലുകളിലൂടെ സംസ്ഥാനത്തിനു ലഭിക്കുന്ന നികുതി വരുമാനക്കുറവും, ജി.എസ്.ടി.യുടെ നിയമ-സാങ്കേതിക പോരാഴ്മകൾ മൂലം വ്യാപാര-പൊതു സമൂഹത്തിന് വരുത്തിയ നഷ്ടവുമുൾപ്പെടെയുള്ളവയുടെ യഥാർത്ഥ കണക്കുകൾ ബോദ്ധ്യപ്പെടുത്താൻ ധവളപത്രം അനിവാര്യമാണെന്ന് സെമിനാർ ആവശ്യപ്പെട്ടു.
കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജി.എസ്.ടി., ആറു .വർഷം പിന്നിടുമ്പോൾ വ്യാപാര-വാണിജ്യ മേഖലക്ക് വൻതിരിച്ചടി ആയിരിക്കുകയാണെന്ന്, സെമിനാർ ഉൽഘാടന ചെയ്ത മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു.
ജൂലൈ ഒന്ന് ജി.എസ്.ടി. വാർഷികദിനത്തോടനുബന്ധിച്ച്, "ജി.എസ്.ടി. ആറുവർഷവും വ്യാപാര-സാമ്പത്തിക മേഖലയും" എന്ന വിഷയത്തിൽ, ആലുവ വൈ.എം.സി.എ.യിൽ നടത്തിയ സംസ്ഥാനതല സെമിനാർ മുൻമന്ത്രി ജി.സുധാകരൻ ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് എ.എൻ.പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ: ഡോ.കെ.ജെ.ജോസഫ് വിഷയം അവതരിപ്പിച്ചു. സ്പെഷ്യൽ ഗവ.പ്ലീഡർ (ടാക്സസ്) അഡ്വ.മുഹമ്മദ് റഫീക്ക്, വ്യാപാരി-വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്.ദേവരാജൻ, നികുതി വിദഗ്ദൻ, ചാർട്ടേർഡ് അക്കൗണ്ടൻ്റ് എൻ.എൻ.സോമൻ, യു. രാജേഷ്കുമാർ എന്നിവർ, വ്യാപാര- സാമ്പത്തിക മേഖലയിൽ ജി.എസ്.ടി. ഉണ്ടാക്കിയ മാറ്റങ്ങൾ വിശകലനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവീന്ദ്രൻ സ്വാഗതവും, ട്രഷറർ ഇ.കെ.ബഷീർ നന്ദിയും പറഞ്ഞു.
സെമിനാറിൽ സംസ്ഥാനത്തിൻ്റെ വിവിധ മേഖലകളിൽ നിന്നായി 300 പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.