ജി.എസ്.ടി പുനഃസംഘടന പ്രഖ്യാപനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും ; ടാക്സ് പേയര്‍ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ഇന്‍റലിജന്‍സ് വിഭാഗം എന്നിവയാണ് പുനഃസംഘടിപ്പിച്ച ജി.എസ്.ടി വകുപ്പിലുള്ളത്
ബജറ്റില്‍ നികുതി വര്‍ധനയുടെ സൂചന നല്‍കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന ജി.എസ്.ടി വകുപ്പ് പുനഃസംഘടിപ്പിച്ച സാഹചര്യത്തില്‍ നികുതി പിരിവ് ശക്തമാക്കുമെന്ന് മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
30 വര്‍ഷത്തിലേറെയായി ഒരേ നികുതി പല മേഖലയിലും നിലനില്‍ക്കുന്നു. നികുതി വിഹിതം കണ്ടെത്താന്‍ ശാസ്ത്രീയ മാര്‍ഗം തേടും. 30 വര്‍ഷം മുമ്ബ് വന്ന പ്രഫഷനല്‍ ടാക്സ് ഇപ്പോഴും 2500 രൂപയാണ്. ഇവയടക്കം കാലോചിതമായി വര്‍ധിപ്പിക്കേണ്ടതുണ്ട്. ജി.എസ്.ടി പുനഃസംഘടന പ്രഖ്യാപനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
പുനഃസംഘടന വഴി നികുതി പിരിവില്‍ ഇക്കൊല്ലം മുതല്‍ പുരോഗതി വരും. വ്യവസായ-വാണിജ്യമേഖലയിലുള്ളവര്‍ കൃത്യമായി നികുതി അടക്കണം. ഉപഭോക്താക്കള്‍ ബില്‍ കൃത്യമായി ചോദിച്ച് വാങ്ങണം. ഇ-വേ ബില്‍ അടിസ്ഥാനത്തില്‍ പരിശോധനകളുണ്ടാകും. കൃത്യമായി വകുപ്പിന് വിശദാംശം നല്‍കിയാലേ മറ്റു സംസ്ഥാനങ്ങളില്‍ അടച്ച നികുതി കേരളത്തിന് വാങ്ങാനാകൂ. മൂന്നു ലക്ഷം കോടി രൂപയാണ് അവകാശപ്പെടാത്ത നികുതി വിഹിതം. ഇതിന്‍റെ രണ്ടു ശതമാനമേ സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കൂ.
വാറ്റ് കുടിശ്ശിക പിരിച്ചെടുക്കാനും നടപടിയെടുക്കും. 5764 കോടിയാണ് ലഭിക്കാനുള്ളത്. ആംനസ്റ്റി പദ്ധതി വഴി 940 കോടി പിരിഞ്ഞു. ജി.എസ്.ടി നഷ്ട പരിഹാരം അഞ്ചു വര്‍ഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്സ് പേയര്‍ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ഇന്‍റലിജന്‍സ് വിഭാഗം എന്നിവയാണ് പുനഃസംഘടിപ്പിച്ച ജി.എസ്.ടി വകുപ്പിലുള്ളതെന്ന് മന്ത്രി പറഞ്ഞു. 4000ത്തോളം ജീവനക്കാരെയാണ് പുനര്‍വിന്യസിച്ചത്.