വാറ്റ് രജിസ്‌ട്രേഷന്‍ സമയത്ത് വ്യാപാരികള്‍ സര്‍ക്കാറിലേക്ക് കെട്ടിവെച്ച കോടിക്കണക്കിന് വരുന്ന സെക്യൂരിറ്റി നിക്ഷേപങ്ങള്‍ കേന്ദ്രഫണ്ടിലേക്ക് മാറ്റുമെന്ന ഭീഷണി.... തിരിച്ചു നല്‍കാന്‍ ആവശ്യം.
സംസ്ഥാനത്തെ 5000ത്തോളം പോസ്റ്റാഫീസുകളില്‍ 10 വര്‍ഷത്തിലേറെ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ കണ്ടുകെട്ടി കേന്ദ്ര ക്ഷേമനിധിയായ 'സിറ്റിസന്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് മാറ്റണം എന്ന അറിയിപ്പ് പോസ്റ്റാഫിസുകളിലേക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ ബഹുഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപാരികള്‍ വാറ്റ് രജിസ്‌ട്രേഷന്‍ എടുക്കുന്ന സമയത്ത് സെക്യൂരിറ്റിയായി
കെട്ടിവെച്ചിട്ടുള്ളതാണ്.
കാലാഗ്രഹണപ്പെട്ട വാറ്റ് നിയമപ്രകാരം റജിസ്‌ട്രേഷന് വേണ്ടി അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ അവരുടെ ക്യാറ്റഗരിക്ക് അനുസരിച്ച് 5000 രൂപ മുതല്‍ 50000 രൂപ വരെ സെക്യൂരിറ്റി സംഖ്യയായി അപേക്ഷയോടൊപ്പം നല്‍കേണ്ടതായിരുന്നു. ഇതുകൂടാതെ അപേക്ഷ സുഷ്മ പരിശോധന നടത്തിയ ശേഷം വേണ്ടി വന്നാല്‍ ഓഫീസരുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ സംഖ്യ ഡെപ്പോസിറ്റായി അടവാക്കുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെ സെക്യൂരിറ്റി നിക്ഷേപങ്ങളായി കൊടുത്തിട്ടുള്ള മിക്ക സംഖ്യകളും ഡെപ്പോസിറ്റ് എടുക്കാന്‍ എളുപ്പം എന്ന നിലക്ക് ഫോസ്റ്റാഫീസുകളിലെ ഇന്ദിര വികാസ് പദ്ധതി വഴിയാണ്
നിക്ഷേപം ചെയ്തിട്ടുളളത്.
ഇത്തരം ഡെപ്പോസിറ്റുകള്‍ തുടക്കത്തില്‍ 5 വര്‍ഷ കാലത്തേക്ക് എടുക്കുകയും പിന്നീട് അവധിക്കനുസരിച്ച് റിന്യൂവല്‍ ചെയ്യുകയുമാണ് വേണ്ടിയിരുന്നത്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നികുതി ഓഫീസുകളില്‍ സൂക്ഷിച്ചിരുന്നത് കാരണം മിക്കവരും റിന്യൂവല്‍ ചെയ്തിട്ടില്ല. 2017-ല്‍ വാറ്റ് നിയമം നിര്‍ത്തലാക്കി പുതിയ ചരക്ക് സേവന നികുതിനിയമം നടപ്പിലാക്കിയതോടുകൂടി നികുതി വകുപ്പ് വാറ്റിലെ സെക്യൂരിറ്റി ഡെപ്പോസിറ്റുകള്‍ തിരിച്ചു നല്‍കാന്‍ സര്‍ക്കുലര്‍ ഇറക്കിയതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ ഡെപ്പോസിറ്റികള്‍ തിരിച്ചു കിട്ടാന്‍ വകുപ്പ് ഉദ്ദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ 2017-18 വരെ നികുതി നിര്‍ണയം നടത്തി നികുതി ബാധ്യയതയൊന്നുമില്ല എന്ന് ഉറപ്പുവന്നാല്‍ മാത്രമേ ഈ ഡെപ്പോസിറ്റുകള്‍ തിരിച്ചു നല്‍കു എന്ന മറുപടിയാണ് ഉദ്ദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചുവരുന്നത്. നികുതി നിര്‍ണയം അനന്തമായി നീളുന്ന ഈ സാഹചര്യത്തില്‍ വാറ്റ് രജിസ്‌ട്രേഷന് വേണ്ടി സെക്യൂരിറ്റിയായി നല്‍കിയിരുന്ന കോടിക്കണക്കിന് രൂപയാണ് നാഥനില്ലാത്ത നിക്ഷേപങ്ങളായി കണക്കാക്കി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രക്ഷേമ നിധിയായ സിറ്റിസണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് മാറ്റാന്‍ പോകുന്നത്. അടിയന്തരമായി നികുതി വകുപ്പ് താങ്കള്‍ പക്കലുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റുകളുടെ വിവരം ഓഫീസ് തിരിച്ച് ലിസ്റ്റ് തയ്യാറാക്കി പോസ്റ്റാഫിസുകള്‍ക്ക് നല്‍കണമെന്നും, ഈ ഡെപ്പോസിറ്റുകള്‍ കേന്ദ്ര ഫണ്ടിലേക്ക് മാറ്റാന്‍ പാടില്ല എന്നും ശക്തമായ ആവശ്യം ഉയര്‍ന്ന് വന്നിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര മന്ത്രിമാര്‍ രവിശങ്കര്‍ പുശാദ്, വി. മുരളീധരന്‍, കേരള ധനകാര്യ മന്ത്രി, കേരള ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, സംസ്ഥാന നികുതി വകുപ്പ് കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്‌സിന്റെ ദക്ഷിണേന്ത്യ മേഖല വൈസ് ചെയര്‍മാന്‍ അഡ്വ. എം. ഗണേശന്‍ പെരിന്തല്‍മണ്ണ, ഭാരവാഹികളായ അഡ്വ. എം. ഫസലുദ്ദീന്‍, അഡ്വ. ജാഫര്‍ അലി, രാജേഷ് ബി.എല്‍ എന്നിവര്‍ അറിയിച്ചു.