2024- 25 സാമ്പത്തിക വർഷത്തിലെ സമ്പൂർണ്ണ ബജറ്റിനായി ഉറ്റു നോക്കുകയാണ് രാജ്യം.
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തിയിരിക്കുകയാണ്. 2024- 25 സാമ്പത്തിക വർഷത്തിലെ സമ്പൂർണ്ണ ബജറ്റിനായി ഉറ്റു നോക്കുകയാണ് ഇപ്പോൾ രാജ്യം.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടി ല്ലെങ്കിലും, പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ജൂലൈ 22ന് ആരംഭിക്കും. ഇതോട് അനുബന്ധിച്ച് ബജറ്റ് അവതരണം ഉണ്ടായേക്കും എന്നാണ് സൂചന. ഓഗസ്റ്റ് ഒൻപത് വരെ പാർലമെൻറ് സമ്മേളനം തുടരും എന്നാണ് സൂചന.
ജൂൺ 20 ന് ധനമന്ത്രി വ്യവസായ മേഖലയിലെ വിദഗ്ധരുമായി- ചർച്ചകൾ നടത്തും. മൂന്നാം മോദി സർക്കാരിൻെറ ആദ്യ കേന്ദ്ര ബജറ്റാണിത്. നിർമലാ സീതാരാമനും പുതിയ റെക്കോഡ് സൃഷ്ടിക്കും.
ആറ് സമ്പൂർണ്ണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും ഉൾപ്പെടെ തുടർച്ചയായ ഏഴ് ബജറ്റ് അവതരിപ്പിച്ച മന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡ് മറികടക്കും. രണ്ട് തവണ തുടർച്ചയായി ധനമന്ത്രിയാകുന്ന ഏക വനിത കൂടിയാണ് നിർമല സീതാരാമൻ.
ബജറ്റ് ബാഗിൽ എന്തൊക്കെ?
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഒന്നുമില്ലെന്നും സമ്പൂർണ ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ സൂചന നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ സമ്പൂർണ ബജറ്റിന് പ്രാധാന്യവുമുണ്ട്.
രാജ്യത്തെ വളർച്ച ത്വരിതഗതിയിലാക്കാനും പണപ്പെരുപ്പം കുറക്കുന്നതിനുമുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കാം. സമീപഭാവിയിൽ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുമെന്നാണ് സർക്കാരിൻെറ പ്രഖ്യാപനം.
ബജറ്റിലെ പ്രധാന മുൻഗണനകളിൽ കാർഷിക മേഖല, നിക്ഷേപം തൊഴിലവസരങ്ങൾ എന്നിവ ഉണ്ടാകുമെന്നാണ് സൂചന.