ബജറ്റ് ചർച്ചയിൽ കേന്ദ്രത്തോട് ആവശ്യങ്ങളുമായി കേരള ധനമന്ത്രി കെ എന്‍ ബാലഗോപാൽ
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അടുത്ത മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വിവരം. ഇതിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ചയിലാണ്.
ഇക്കഴിഞ്ഞ ദിവസം നടന്ന പ്രീ- ബജറ്റ് യോഗത്തില്‍ കേരളത്തിലെയും, തമിഴ്നാട്ടിലെയും ധനമന്ത്രിമാര്‍ ഉയര്‍ന്ന വായ്പാ പരിധി അഭ്യര്‍ത്ഥിച്ചുവെന്നാണു വിവരം. ഡല്‍ഹിയില്‍ ബജറ്റിന് മുന്നോടിയായുള്ള ആലോചനയുടെ ഭാഗമായി കേന്ദ്ര ധനമന്ത്രി സംസ്ഥാന സഹമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ആവശ്യം.
വായ്പാ പരിധിയില്‍ 0.5 ശതമാനം പോയിന്റ് വര്‍ധിപ്പിക്കണമെന്ന് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3% വരെ കടമെടുക്കാനാണു നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തേക്ക് പരിധി ജിഎസ്ഡിപിയുടെ 3.5% ആയി ഉയര്‍ത്താനാണ് മന്ത്രി അഭ്യര്‍ത്ഥിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കടമെടുപ്പിനുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടെന്നാണു വിവരം.
തമിഴ്നാട് ധനകാര്യ മന്ത്രി തങ്കം തേനരസുവും പ്രീ- ബജറ്റ് യോഗത്തില്‍ വായ്പാ പരിധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച അഭ്യര്‍ത്ഥനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്നാടിന്റെ സംസ്ഥാന ജിഡിപിയെ കേന്ദ്രം കുറച്ചുകാണുന്നുവെന്നും, ഇത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 8,500 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
2023 ലാണ് സംസ്ഥാനത്തിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് വായ്പയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അധിക നിയന്ത്രണങ്ങളും, ഓപ്പണ്‍ മാര്‍ക്കറ്റ് കടമെടുക്കല്‍ പരിധിയിലെ കുറവുകളും അനാവശ്യമായ പണലഭ്യത സമ്മര്‍ദ്ദം ഉണ്ടാക്കിയെന്ന് ബാലഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടപടികളും ഉണ്ടായിട്ടും, ഇത്തരം തിരിച്ചടികള്‍ തുടരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകളെ പരിമിതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നേരിടുന്ന പണലഭ്യത സമ്മര്‍ദം മറികടക്കാന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പ്രത്യേക നിക്ഷേപവും, കോഴിക്കോട്- വയനാട് ടണല്‍ റോഡിന് 5,000 കോടി രൂപയും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെയും കാസര്‍ഗോഡിനെയും ബന്ധിപ്പിക്കുന്ന സെമി- ഹൈ സ്പീഡ് റെയില്‍പാതയ്ക്ക് നേരത്തേ അനുമതി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.