കേന്ദ്ര ബജറ്റ് നാളെ; സർക്കാരിലേക്ക് വരുന്ന ഓരോ രൂപയും, എവിടെ നിന്നും വരുന്നു, എവിടേയ്ക്ക് പോകുന്നു, കുടിശികകളും തർക്കങ്ങളും പരിഹരിക്കാൻ ആംനസ്റ്റി : ഇടത്തരക്കാരുടെ പ്രതീക്ഷകളേറെ !
കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സർക്കാരിലേക്ക് വരുന്ന ഓരോ രൂപയും, എവിടെ നിന്നും വരുന്നു, എവിടേയ്ക്ക് പോകുന്നു എന്നറിയുന്നത് രസകരമാണ്
ഒരു വർഷത്തേക്കുള്ള സർക്കാരിന്റെ വരവുകളും, ചെലവുകളും, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സർക്കാരിലേക്ക് വരുന്ന ഓരോ രൂപയും, എവിടെ നിന്നും വരുന്നു, എവിടേയ്ക്ക് പോകുന്നു എന്നറിയുന്നത് രസകരമാണ്.
ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ പ്രതീക്ഷിക്കുന്ന വരവും ചെലവുമാണ് കേന്ദ്ര ബജറ്റിലൂടെ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും വികാസത്തിനും വഴിയൊരുക്കുകയാണ് ലക്‌ഷ്യം. റവന്യു ബജറ്റ്, മൂലധന ബജറ്റ് (ക്യാപിറ്റൽ ബജറ്റ്) എന്നിവയാണ് ബജറ്റിലെ 2 ഭാഗങ്ങൾ.
റവന്യൂ വരവുകളും റവന്യൂ ചെലവുകളും ചേർന്നതാണ് റവന്യൂ ബജറ്റ്. മൂലധന ചെലവുകളും മൂലധന രസീതുകളും ചേർന്നതാണ് മൂലധന ബജറ്റ്.
മൂലധന ബജറ്റ്
മൂലധന ബജറ്റിലൂടെ സർക്കാരിന്റെ ദീർഘകാല നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യവികസനവും ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമാണ് സർക്കാർ ശ്രമിക്കുക.
രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും ഇതിലൂടെ ലക്ഷ്യമിടുന്നു. അതായത് ഇതിൽ ദീർഘകാല ചെലവ്, വരവ് എന്നിവയുൾപ്പെടും. പൊതുജനങ്ങളിൽ നിന്നും, വിദേശ സർക്കാരുകളിൽ നിന്നുമുള്ള വായ്പകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് സർക്കാരിന് ലഭിക്കുന്നത് എന്നിവയെല്ലാം വരുമാനത്തിന്റെ പ്രധാന സ്രോതസുകളിൽ ചിലതാണ്.
അതുപോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ പോലുള്ള ആസ്തികൾ വിറ്റ് സമ്പാദിക്കുന്ന പണം, മറ്റു കടമെടുക്കലും, വായ്പകളും മൂലധന വരവുകളിൽ ഉൾപ്പെടും.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫണ്ട്, കടമെടുത്തതിന്റെ തിരിച്ചടവ് എന്നിവ മൂലധനച്ചെലവുകളിൽപ്പെടും. കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, യന്ത്രസാമഗ്രികൾ ഉണ്ടാക്കുന്നതിനും, സമ്പദ്‌വ്യവസ്ഥയുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കാനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്താനും മൂലധന ചെലവുകൾ ലക്ഷ്യമിടുന്നു.
ഹൈവേകൾ, വിമാനത്താവളങ്ങൾ, അണക്കെട്ടുകൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ നിക്ഷേപമെല്ലാം ഇതിൽപ്പെടും.
റവന്യൂ ബജറ്റ്
സർക്കാരിന്റെ റവന്യൂ വരവുകളും, ചെലവുകളും ഉൾപ്പെടുന്നതാണ് റവന്യൂ ബജറ്റ്. റവന്യൂ വരവുകളിൽ നികുതി വരുമാനവും, നികുതിയേതര വരുമാനവും ഉണ്ട്.
നികുതി വരുമാനത്തിൽ ആദായനികുതി പോലുള്ള നേരിട്ടുള്ള നികുതിയും ജിഎസ്ടി, സെസ്, ഇറക്കുമതി-കയറ്റുമതി തീരുവ, എക്സൈസ് ഡ്യൂട്ടി, ആദായനികുതി, ജിഎസ്ടി, കസ്റ്റംസ് ഡ്യൂട്ടി എന്നിവയും ഉൾപ്പെടുന്നു.
സർക്കാരിന്റെ നിക്ഷേപങ്ങൾ, വായ്പകൾ, മറ്റ് സേവനങ്ങളിൽ നിന്നുള്ള വരുമാനം എന്നിവയിൽ നിന്ന് ലഭിക്കുന്ന പലിശയാണ് നികുതിയേതര വരുമാനത്തിൽ ഉൾപ്പെടുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതം, പലിശ രസീതുകൾ, സർക്കാർ സംരംഭങ്ങളിൽ നിന്നുള്ള ലാഭം, ഫീസ്, കൂടാതെ പിഴകൾ വഴിയുള്ള വരുമാനവും ഇതിൽപ്പെടും.
റവന്യൂ ചെലവിൽ ശമ്പളം, സബ്‌സിഡികൾ, പെൻഷനുകൾ, മെയിന്റനൻസ് ചെലവുകൾ മുതലായവ ഉൾപ്പെടുന്നു.
സർക്കാർ ജീവനക്കാരുടെ ശമ്പളം, അവശ്യവസ്തുക്കളുടെ സബ്‌സിഡികൾ, ക്ഷേമ പദ്ധതികൾ, ആരോഗ്യ സംരക്ഷണ ചെലവുകൾ തുടങ്ങിയവ ഇതിൽപ്പെടും.
ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും മൂലധന ബജറ്റ് ലക്ഷ്യമിടുമ്പോൾ, റവന്യൂ ബജറ്റ്, സർക്കാറിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നു.
പ്രതീക്ഷകൾ
ഇന്ത്യൻ റെയിൽവേയ്‌ക്കായി സർക്കാർ എന്തുചെയ്യുമെന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
വരുമാന മാർഗങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും പൊതുജനങ്ങൾക്ക് യാത്രകൾ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനും ബജറ്റ് ഊന്നൽ നൽകുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.
കുടിശികകളും തർക്കങ്ങളും പരിഹരിക്കാൻ ആംനസ്റ്റി
കേന്ദ്രബഡ്ജറ്റിൽ സേവന നികുതി കുടിശികകളും തർക്കങ്ങളും പരിഹരിക്കാൻ ആംനസ്റ്റി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ വൻകിട വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾ.
2017ൽ സേവന നികുതി നിറുത്തലാക്കി ജി.എസ്.ടിയിലേക്ക് മാറിയതിനു ശേഷമുള്ള തർക്കങ്ങളും കുടിശികകളും തീർപ്പാക്കാതെ കിടന്ന് പിഴയും പലിശയുമായി വൻതുകയായി വർദ്ധിച്ചതാണ് സ്ഥാപനങ്ങൾക്ക് തലവേദനയാകുന്നത്.
ഇതിൽ നിന്ന് പുറത്തുവരണമെങ്കിൽ ആംനസ്റ്റി പ്രഖ്യാപിക്കണം.കേന്ദ്ര നികുതിയായതിനാൽ കേന്ദ്ര ബഡ്ജറ്റിലാണ് ആംനസ്റ്റി പ്രഖ്യാപിക്കേണ്ടത്. 2017ൽ സേവന നികുതി ഇല്ലാതായതിന് ശേഷം ഇതുവരെ ആംനസ്റ്റിയുണ്ടായിട്ടില്ല.
ജി.എസ്.ടി വരുന്നതിന് മുമ്പുള്ള വാറ്റ് നികുതി കുടിശിക തീർപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി തവണ ആംനസ്റ്റി പ്രഖ്യാപിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകുന്നത് പാഴ് ചെലവാണെന്നാണ് സംസ്ഥാന നിലപാട്.
അര ലക്ഷം രൂപ വരെയുള്ള കുടിശികകൾ സംസ്ഥാനം എഴുതിതള്ളി.എന്നാൽ സേവന നികുതിയിൽ അത്തരം ഉദാരസമീപനമല്ല കേന്ദ്രത്തിനുള്ളത്. ഇത്തവണയെങ്കിലും അതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ളവ സേവന നികുതിയുടെ പരിധിയിലാണ്.
അതിരൂക്ഷമായ തൊഴിലില്ലായ്‌മ പരിഹരിക്കാനും ഗ്രാമീണ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാനുള്ള നടപടികളാണ് ഇത്തവണ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നത്. ധനകമ്മി നിയന്ത്രിച്ച് സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകാനുള്ള ശ്രമങ്ങളും ബഡ്‌ജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.
ആദ്യ മോദി സർക്കാരുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂട്ടുകക്ഷി മുന്നണിയുടെ പരിമിതികൾ മൂലം ഇത്തവണ സാമ്പത്തികപരിഷ്കരണ നടപടികൾക്ക് സാദ്ധ്യത കുറവാണ്.
രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനൊപ്പം കാർഷിക, ഗ്രാമീണ മേഖലയിൽ കൂടുതൽ പണം ലഭ്യമാക്കി ഉപഭോഗം ഉയർത്താനാകും ബഡ്‌ജറ്റിന്റെ പ്രധാന ഊന്നൽ. ഒരു വർഷത്തിനുള്ളിൽ നാല് പ്രധാന സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാൽ ജനപ്രിയ തീരുമാനങ്ങൾ ഒഴിവാക്കാൻ കഴിയില്ല.
വികസിത ഭാരതത്തിന് മാർഗരേഖ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനുള്ള മാർഗരേഖ സമ്പൂർണ ബഡ്‌ജറ്റിലുണ്ടാകുമെന്നാണ് പൊതുതിരഞ്ഞെടുപ്പിന് മുൻപ് ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബഡ്‌ജറ്റിൽ വ്യക്തമാക്കിയിരുന്നത്. അതിനാൽ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ പ്രതീക്ഷിക്കുന്നില്ല.
മൂലധന ചെലവിൽ ഗണ്യമായ വർദ്ധിപ്പിക്കുമ്പോഴും ധനകമ്മി 5.1 ശതമാനമായി നിലനിറുത്താനാകും നിർമ്മല സീതാരാമൻ മുൻഗണന നൽകുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ ധനകമ്മി 4.6 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇടത്തരക്കാരുടെ പ്രതീക്ഷ
വരുമാന നികുതി ഇളവ് പരിധി അഞ്ച് ലക്ഷം രൂപയായി ഉയർത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ശമ്പളക്കാരായ ഇടത്തരക്കാർ. ഇടക്കാല ബഡ്‌ജറ്റിൽ ഈ തീരുമാനം പ്രതീക്ഷിച്ചെങ്കിലും തീരുമാനമുണ്ടായില്ല.
ഇതോടൊപ്പം സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. വരുമാന നികുതി ഇളവ് പരിധി നിലവിൽ പഴയ രീതിയിൽ 2.5 ലക്ഷവും പുതിയ സ്ക്കീമിൽ മൂന്ന് ലക്ഷം രൂപയുമാണ്.
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വാടക, ഭവന വായ്പകളുടെ പലിശ എന്നിവയ്ക്ക് പുതിയ സ്‌ക്കീമിൽ ഇളവ് അനുവദിക്കാനും ഇടയുണ്ട്. പുതിയ സ്ക്കീമിൽ 15 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 20 ശതമാനമാണ് നികുതി.
15 ലക്ഷം രൂപയ്ക്ക് മുകളിലെ വരുമാനത്തിന് 30 ശതമാനം നികുതിയും ഈടാക്കുന്നു.
ഇത്തവണത്തെ ബഡ്ജറ്റിൽ 15 മുതൽ 20 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കായി 25 ശതമാനം നികുതി ഈടാക്കുന്ന പുതിയ സ്ളാബ് ധനമന്ത്രി പ്രഖ്യാപിച്ചേക്കും