സ്വന്തം ആവശ്യത്തിന് എന്ന വ്യാജേന ഡീസൽ വ്യാപാരത്തിൽ 500 കോടി രൂപയുടെ വെട്ടിപ്പ്- സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പിടികൂടി.
സംസ്ഥാനത്തെ വിവിധ മേഖലകളിലെ കൺസ്യുമർ പമ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് വൻ നികുതി വെട്ടിപ്പ്. സ്വന്തം ആവശ്യത്തിന് എന്ന വ്യാജേന സംസ്ഥാനത്തേക്ക് കൺസ്യുമർ പമ്പ് ഉടമകൾ മറ്റ് സംസ്ഥാനങ്ങളിലെ ഡീസൽ കമ്പനികളിൽ നിന്നും ഡീസൽ വാങ്ങി കൊണ്ടുവന്ന്, അത് ഫിഷിംഗ് ബോട്ടുകൾ, ബസ്, ലോറി എന്നിവയ്ക്ക് മറിച്ച് വിറ്റ് ലിറ്ററിന് 10 മുതൽ 17 രൂപ വരെ ലാഭം ഉണ്ടാക്കുന്നതായാണ് കണ്ടെത്തിയത്. വിൽപ്പനയ്ക്ക് കേരള പൊതു വില്പന നികുതി നിയമം അനുശാസിക്കുന്ന നികുതി അടയ്ക്കാതെയാണ് വ്യാപാരം നടന്നു വരുന്നത്. ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 2019-20 മുതൽ മേഖലയിലെ 77 ഡീലർമാർ ഏകദേശം 500 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. കേരള പൊതു വില്പന നികുതി നിയമപ്രകാരമുള്ള തുടർ നടപടികൾ എടുത്തു വരുന്നു. വെട്ടിപ്പ് കണ്ടെത്തിയ പെരുമ്പാവൂർ ഇന്റലിജിൻസ് യൂണിറ്റ് ആണ്.