സംരംഭകരെ കോർത്തിണക്കി എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ വ്യവസായ വകുപ്പിൻ്റെ സ്റ്റാളുകൾ
സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന ആഗ്രഹത്തിലാണ് നെട്ടൂർ മാധവപ്പിള്ളിൽ സൂരജ് സ്ഥിര വരുമാനമുള്ള ജോലി ഉപേക്ഷിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സംരംഭക വർഷം എന്ന ആശയമാണ് സൂരജിന് പ്രതീക്ഷ നൽകിയത്. അങ്ങനെയാണ് സംരംഭക വർഷത്തിൽ തനിക്കും ഒരു സംരംഭകനാകണമെന്ന് തീരുമാനിച്ചത്.
പലപ്പോഴും ബിസിനസിനെ കുറിച്ച് ആലോചിച്ചപ്പോഴെല്ലാം ബിസിനസ് തുടങ്ങുന്നതിന്റെ നൂലാമാലകൾ പിന്നോട്ട് വലിച്ചു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ഇത്തരം നൂലാമാലകൾ ഒരു കുടക്കീഴിൽ ശരിയാക്കാം എന്ന പ്രതീക്ഷ സൂരജിലെ ബിസിനസുകാരനെ വീണ്ടും ഉണർത്തി. അങ്ങനെയാണ് ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതും അധികമാരും കൈ വയ്ക്കാത്ത സോയ ബീൻ ഉപയോഗിച്ച് ബിസിനസ് ആരംഭിക്കുന്നതും. സോയ ഉപയോഗിച്ച് മിൽക്ക്, പനീർ, ഫ്ലേവേർഡ് മിൽക്ക്, മസാല ടോഫു തുടങ്ങിയ ഉൽപ്പന്നങ്ങൾ സൂരജിന്റെ ഉടമസ്ഥതയിൽ മരടിൽ പ്രവർത്തിക്കുന്ന വെറ്റ് ഫുഡ് പ്രെഡക്ട് എന്ന കമ്പനി ഉല്പാദിപ്പിക്കുന്നുണ്ട്. 2022 ഡിസംബറിൽ ആണ് കമ്പനി ആരംഭിച്ചത്. രാസ പദാർത്ഥങ്ങളില്ലാതെ കേരളത്തിലുടനീളം സോയ ഉൽപ്പന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ വനിതാ സംരംഭമായിട്ടാണ് സുമ പ്രാണ കെയ്സൺ ഒ ഇ എം എന്ന സ്ഥാപനം ആരംഭിക്കുന്നത്. അക്കൗണ്ടൻ്റ് ആയിരുന്ന സുമ അവിടെ നിന്നും രാജിവെച്ചാണ് സംരംഭക ആകുന്നത്. 40 ലക്ഷം മുതൽമുടക്കി ആരംഭിച്ച ഈ സ്ഥാപനം 12 പേർക്ക് തൊഴിൽ നൽകുന്നു. സ്ത്രീകൾക്ക് ഏറ്റവും ആവശ്യമുള്ള സാനിറ്ററി നാപ്കിനുകൾ നശിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ, ടച്ച് സ്ക്രീൻ കിയോസ്കുകൾ എന്നിവയ്ക്കാണ് ഇവിടെ ആവശ്യക്കാർ എത്തുന്നത്. കൂടാതെ വിദ്യാലയങ്ങളിൽ കോയിൻ ഇട്ട് സാനിറ്ററി നാപ്കിനുകൾ വാങ്ങുന്നതിനുള്ള മെഷീനും ആവശ്യക്കാരുണ്ട്.
കേരളത്തിലെ ഹോം മെയ്ഡ് ചോക്ലേറ്റ് കൊണ്ട് ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോർട്ട്കൊച്ചിയിൽ അബ്ദുൽ സമദ് നിസാം ചെയ്തുകൊണ്ടിരുന്ന മെക്കാനിക്കൽ ജോലി ഉപേക്ഷിച്ച് സംരംഭകരാകുന്നത്. സർക്കാർ സഹായത്തോടെ സ്വന്തമായി ചോക്ലേറ്റ് പ്രൊഡക്ഷൻ യൂണിറ്റ് ആണ് ആരംഭിച്ചിരിക്കുന്നത്. ക്യാരമൽ, ആൽമണ്ട്, ബട്ടർ സ്കോച്ച് തുടങ്ങി 50 തരം മോഡലുകളിൽ ചോക്ലേറ്റ് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ആരുടെയെങ്കിലും കീഴിൽ ജോലി ചെയ്യാൻ താല്പര്യപ്പെടാതെ സ്വന്തമായി പറക്കാൻ ആഗ്രഹിക്കുന്ന നിരവധി പേർക്ക് ആശ്രയമായിരിക്കുകയാണ് സംസ്ഥാന സർക്കാരും വ്യവസായ വകുപ്പും. ആകർഷണീയമായ വിധത്തിൽ വിവിധ സംരംഭകരെ കോർത്തിണക്കിയാണ് എൻ്റെ കേരളം 2023 മെഗാ പ്രദർശന മേളയിൽ വ്യവസായ വകുപ്പ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.
വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്ന ചെറിയ സംരംഭങ്ങൾ മുതൽ എൽ ഇ ഡി ഫാൻ, കിച്ചൻ ക്യാബിനറ്റ് തുടങ്ങിയ വലിയ മുതൽമുടക്കുള്ള സംരംഭങ്ങൾ വരെ സംരംഭക വർഷത്തിൽ സംസ്ഥാനത്താകമാനം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ വ്യത്യസ്തത കോർത്തിണക്കിയാണ് സ്റ്റാളുകളുടെ ക്രമീകരണവും. 46 വ്യത്യസ്ത വിഭാഗങ്ങളിലായി 81 സംരംഭക യൂണിറ്റുകളുടെ സ്റ്റാളുകളാണ് പ്രദർശന മേളയിൽ ഒരുക്കിയിരിക്കുന്നത്.
പരമ്പരാഗത മേഖലയിലെ കയർ, കൈത്തറി ഉൽപ്പന്നങ്ങൾ മേളയിൽ വ്യവസായ വകുപ്പിന്റെ സ്റ്റാളിലെ മുഖ്യ ആകർഷണമാണ്. ചേന്ദമംഗലം കൈത്തറിയുടെ ഭാഗമായി ഒരുക്കിയ സ്റ്റാളിൽ കൈത്തറി വസ്ത്രങ്ങൾ നെയ്യുന്നത് നേരിട്ട് കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്. കെൽട്രോണിൽ നിർമ്മിക്കുന്ന നവീനമായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾ മുതൽ തുണി, ബാഗ് എന്നിവയുടെ യൂണിറ്റുകൾ, അത്തർ, ശുദ്ധമായ വെളിച്ചെണ്ണ, ബാറ്ററി, ഫൈബർ വാതിലുകൾ, സോപ്പ് നിർമ്മാണം, ഫുഡ് ഡ്രയർ മെഷീൻ, കൃത്യമ പല്ലുകൾ വരെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താൻ സ്റ്റാളുകളിലൂടെ സാധിക്കുന്നുണ്ട്. സംരംഭങ്ങൾക്ക് കരുത്തേകാൻ നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്.
സംരംഭക വർഷത്തിന്റെ ഭാഗമായി 139815 സംരംഭങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആരംഭിച്ചത്. 8417 കോടിയുടെ നിക്ഷേപവും ഉറപ്പാക്കി, 299943 പേർക്ക് തൊഴിലും നൽകി. കൂടാതെ സംരംഭകരുടെ പരാതികൾ 30 ദിവസത്തിനുള്ളിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ, സംരംഭകർക്ക് സബ്സിഡി പദ്ധതികൾ, കെ സ്വിഫ്റ്റിലൂടെ അഞ്ചു മിനിറ്റിനുള്ളിൽ എം എസ് എം ഇ ലൈസൻസ്, സർക്കാരിന്റെ വ്യാവസായിക നയം തുടങ്ങി സർക്കാരിൻ്റെ വിവിധ സേവനങ്ങളെ കുറിച്ചും കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക പരിപാടികളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദർശന മേളയിൽ ഒരുക്കിയിട്ടുണ്ട്.