സംസ്ഥാനത്ത് ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണൽ; നാലുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു
സംസ്ഥാനത്ത് ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സെലക്‌ഷൻ നടപടികളടക്കം നാലുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ജി.എസ്.ടി. നിയമം നിലവിൽ വന്ന് ഏഴുവർഷം കഴിഞ്ഞിട്ടും അപ്പീൽ അതോറിറ്റിയില്ലാത്തതിന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ചാർട്ടേഡ് അക്കൗണ്ടന്റുമാർ നൽകിയ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ട്രിബ്യൂണൽ സ്ഥാപിക്കാൻ തീരുമാനമായെന്നും നിയമനത്തിനുള്ള സെലക്‌ഷൻ നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് കോടതി സമയപരിധി നിശ്ചയിച്ചത്.
ജി.എസ്.ടി. വിഷയങ്ങളിലെ അപ്പീലുകൾ ഇപ്പോൾ ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. ഇതിന് തർക്കത്തിലുള്ള നികുതിയുടെ 20 ശതമാനം തുക കെട്ടിവെക്കേണ്ട സ്ഥിതിയുണ്ട്. കേസുകൾ പലതും കെട്ടിക്കിടക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ജി.എസ്.ടി. നിയമപ്രകാരമുള്ള നോട്ടീസുകൾ കക്ഷികൾക്ക് ഉചിതമായ രീതിയിൽ നൽകുന്ന കാര്യത്തിൽ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ജി.എസ്.ടി. വകുപ്പിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതാണ് രീതി. ഇതു പലരുടെയും ശ്രദ്ധയിൽപ്പെടുന്നില്ല. ശരിയായ വിലാസത്തിൽ അയച്ചുനൽകുന്നതിലടക്കം സൗകര്യം ഏർപ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ കോടതി ഉത്തരവ് നൽകിയില്ല. ആവശ്യമെങ്കിൽ വ്യക്തിപരമായ ഹർജികൾ നൽകാമെന്ന് ബെഞ്ച് വ്യക്തമാക്കി.