കോടികളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാതെ ജി. എസ്. ടി. വകുപ്പിനെ കബളിപ്പിച്ച് നടന്നിരുന്ന പ്രതിയെ കോടതിയുടെ സഹായത്താൽ ജാമ്യമില്ലാ വാറന്റിൽ അറസ്റ്റ് ചെയ്തു.
കോടികളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാതെ ജി. എസ്. ടി. വകുപ്പിനെ കബളിപ്പിച്ച് നടന്നിരുന്ന പ്രതിയെ കോടതിയുടെ സഹായത്താൽ ജാമ്യമില്ലാ വാറന്റിൽ അറസ്റ്റ് ചെയ്തു. അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ വ്യാജ ബില്ലുകൾ തയ്യാറാക്കി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പിന് സാഹചര്യമൊരുക്കിയ കേസിൽ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ വി. കെ. ജാഷിദിന്റെയാണ് സംസ്ഥാന ജി. എസ്. ടി. വകുപ്പ് തൃശ്ശൂർ സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഐ.ബി) സി. ജ്യോതിലക്ഷ്മിയും സംഘവും മൊഴി എടുത്തത്. നേരത്തെ ഈ കേസിലെ മുഖ്യ പ്രതിയായ എടപ്പാൾ സ്വദേശി ബനീഷിനെ അന്വേഷണ സംഘം ജി. എസ്. ടി. നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. അമ്പത് ദിവസത്തെ റിമാന്റിന് ശേഷമാണ് മുഖ്യപ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പ്രതിയായ വി.കെ. ജാഷിദിന് കേസന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി ജി. എസ്. ടി. അന്വേഷണ സംഘം പലതവണ സമൻസ് നൽകിയിരുന്നു. പലതവണ ഇയാളെ തേടി അന്വേഷണ സംഘം പെരുമ്പടപ്പിലെ വീട്ടിലും പരിസര പ്രദേശങ്ങളിലും എത്തിയിരുന്നു എന്നാൽ അന്വേഷണസംഘത്തിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇതേ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥയായ സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഐ.ബി) ശ്രീമതി സി. ജ്യോതിലക്ഷ്മി പ്രതിക്കെതിരെ നിയമാനുസൃതമായ നടപടികൾ ആവശ്യപ്പെട്ട് ഐ.പി.സി 172, 174 വകുപ്പു പ്രകാരം തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ (No.2) പരാതി ഫയൽ ചെയ്തു. കോടതി പുറപ്പെടുവിച്ച സമൻസിനും പ്രതിയിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. ഇതിനെ തുടർന്നാണ് കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ച് പെരുമ്പടപ്പ് പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ നിർദേശം നൽകിയത്. പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന രഹസ്യ സങ്കേതം തിരിച്ചറിഞ്ഞ പെരുമ്പടപ്പ് പോലീസ് 10.8.2022 രാത്രി ടിയാനെ അറസ്റ്റ് ചെയ്യുകയും 11.8.22ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി നടപടികൾ പൂർത്തിയാക്കി ജാമ്യത്തിലിറങ്ങിയ പ്രതിയെ ജി. എസ്. ടി. അന്വേഷണസംഘം തൃശ്ശൂർ ജി. എസ്. ടി. ഓഫീസിൽ ചോദ്യം ചെയ്യലിനും തുടർനടപടികൾക്കും വിധേയമാക്കി. പ്രതിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥ കോടതി മുമ്പാകെ ഫയൽ ചെയ്ത പരാതിയിലെ വിചാരണ ഉടൻ ആരംഭിക്കും.
സമൻസ് കൈപ്പറ്റിയിട്ടും മനപ്പൂർവ്വം കേസന്വേഷണവുമായി സഹകരിക്കാത്ത പ്രതികൾക്കും സാക്ഷികൾക്കും എതിരെ ഐ.പി.സി 172, 174 വകുപ്പുകൾ പ്രകാരം മേൽ പ്രകാരമുള്ള ഗൗരവമുള്ള നിയമനടപടികൾ സംസ്ഥാനത്ത് ആദ്യമായാണ് ജി. എസ്. ടി. വകുപ്പ് കൈകൊള്ളുന്നത്. പ്രതികളോ സാക്ഷികളോ സമൻസ് കൈപ്പറ്റിയിട്ടും മനപൂർവ്വം ഹാജരാകാത്ത എല്ലാ കേസുകളിലും മേൽപ്രകാരം കോടതി വഴിയുള്ള ശക്തമായ നടപടികൾ സ്വീകരിച്ച് നിയമവാഴ്ച ഉറപ്പുവരുത്തും.