ക്വാറി/മെറ്റൽ ക്രഷർ യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ പൃഥ്വി' എന്ന പേരിൽ സംസ്ഥാന വ്യാപകമായി ജൂൺ 28 മുതൽ ക്വാറി/മെറ്റൽ ക്രഷർ യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.
ഇന്റലിജൻസ് വിഭാഗം നടത്തിയ രഹസ്യാന്വേഷണങ്ങളുടെയും, ക്വാറികളിൽ നടക്കുന്ന വെട്ടിപ്പുകളെക്കുറിച്ച് സർക്കാരും, വിജിലൻസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ 20 ഓളം ക്വാറികളിൽ ഒരേ സമയം പരിശോധന നടത്തിയത്. പല സ്ഥാപനങ്ങളും യഥാർത്ഥ വിറ്റു വരവിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് റിട്ടേണുകളിൽ വെളിപ്പെടുത്തിയിരുന്നത്. ചില സ്ഥാപനങ്ങൾ നികുതി അടച്ചതിന്റെ രണ്ടിരട്ടി വരെ വെട്ടിപ്പ് നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അനർഹമായ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കൽ, ക്വാറി ഉത്പന്നങ്ങൾ എത്തിച്ച് നൽകുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന വാഹന വാടകയിൽ നികുതി വെട്ടിക്കൽ തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തി.
കേരള മൂല്യ വർദ്ധിത നികുതി നിയമ സമ്പ്രദായത്തിൽ കോമ്പൗണ്ടിങ് രീതിയാണ് മിക്കവാറും ക്വാറികൾ അനുവർത്തിച്ചു പോന്നിരുന്നത്. ഇത് പ്രകാരം വിറ്റുവരവ് എത്രയായാലും ഉപയോഗിക്കുന്ന ക്രഷറുകളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത നികുതി അടയ്ക്കണമായിരുന്നു. എന്നാൽ ചരക്ക് സേവന നികുതി നിയമത്തിൽ ഇത്തരം സമ്പ്രദായം നിലവിലില്ല. ഈ സാധ്യത മുതലെടുത്തതാണ് ക്വാറികൾ വ്യാപകമായ നികുതി വെട്ടിപ്പ് നടത്തിയത് .
ക്വാറി/മെറ്റൽ ക്രഷർ മേഖലയിലെ പരിശോധനകൾ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ശക്തമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു.