സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടന ; വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.
ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ നടപ്പാക്കിയ സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടന വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലായി.
ജി.എസ്.ടി വരുന്നതിനു മുമ്ബുള്ള നിയമങ്ങളിലെ വ്യവഹാരങ്ങള്‍, നികുതി നിര്‍ണയ കുടിശ്ശിക ഫയലുകള്‍, കോടികളുടെ സെക്യൂരിറ്റി നിക്ഷേപങ്ങള്‍ തുടങ്ങിയവ കൈമാറുന്നതില്‍ പരിഷ്കരണത്തിന് പിന്നാലെ വേണ്ടത്ര സൂക്ഷ്മത പുലര്‍ത്താനാവുന്നില്ല. ആസൂത്രണ പാളിച്ചമൂലം പുതുതായി രൂപവത്കരിച്ച നികുതിദായക സേവനവിഭാഗമാണ് ഇവ ഏറ്റെടുക്കേണ്ടിവന്നത്. ഈ യൂനിറ്റുകളാകട്ടെ ജി.എസ്.ടി നിയമത്തിന് അനുസരിച്ച് പിന്‍കോഡ് അടിസ്ഥാനത്തിലാണ് രൂപവത്കരിച്ചിരിക്കുന്നത്. പഴയ നിയമങ്ങളിലെ ഓഫിസുകള്‍ പിന്‍കോഡ് അടിസ്ഥാനത്തിലായിരുന്നില്ല. തന്മൂലം പിന്‍കോഡ് അടിസ്ഥാനത്തില്‍ ഫയലുകളും സെക്യൂരിറ്റികളും തരംതിരിക്കുന്ന ഭഗീരഥ യജ്ഞത്തിലാണ് ജീവനക്കാര്‍.
മാര്‍ച്ച് 31നകം തീര്‍ക്കേണ്ട നികുതി നിര്‍ണയവും മറ്റു കോടതി കേസുകളും വേറെയുണ്ട്. രജിസ്ട്രേഷൻ സംബന്ധമായ പല കാര്യങ്ങൾക്ക് തീർപ്പ് ഉണ്ടാകുന്നതും വളരെ ബുദ്ധിമുട്ടായി മാറി.
അതേസമയം, നികുതി വെട്ടിപ്പ് തടയുന്ന എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അനാവശ്യമായി പരിമിതപ്പെടുത്തിയതിനാല്‍ നികുതി വെട്ടിച്ചുള്ള കച്ചവടം വ്യാപകമാണ്. പല വെട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾക്കും എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കാൻ സാധിക്കുന്നില്ല.
കാലഹരണപ്പെട്ട നികുതി സമയബന്ധിതമായി തീര്‍പ്പാക്കാനുള്ള കണക്കുകളും ഫയലുകളും ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി അദാലത്ത് നടത്തി തീര്‍പ്പാക്കാനാവും. ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടു മണിക്കൂര്‍ ഓണ്‍ലൈന്‍ പരിശീലനം മാത്രമാണ് ഓഡിറ്റ് ജീവനക്കാര്‍ക്ക് ഇപ്പോഴുള്ളത്. ബാക്കി സമയം വെറുതെ ഇരിക്കുന്ന ഇവര്‍ക്ക് ഇത്തരം ജോലികള്‍ നല്‍കിയാല്‍ ജോലിഭാരത്താല്‍ പ്രയാസപ്പെടുന്ന നികുതിദായക സേവനവിഭാഗം ജീവനക്കാര്‍ക്ക് ഉപകാരമാവും. മാര്‍ച്ച് 31 വരെ ട്രെയിനിങ് തുടരുന്നതിനാല്‍ ഓഡിറ്റ് വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ മുതലേ ആരംഭിക്കാനാവൂ. അതുകൊണ്ടുതന്നെ മാര്‍ച്ച് 31നു മുമ്ബ് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട ഫയലുകളില്‍ അദാലത്ത് സംഘടിപ്പിക്കാനുമാവും.