കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കും

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വർഷം കേരളത്തിന് 12000 കോടി രൂപ അധിക വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയതിന് പിന്നാലെ 6000 കോടി രൂപ കൂടി കടമെടുക്കാൻ കേരളം.
ഊർജ മേഖലയിലെ പരിഷ്കരണങ്ങള്‍ക്കായി 6000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. അടുത്ത ചൊവ്വാഴ്ച്ചയോട് കൂടി കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ഡല്‍ഹിയില്‍ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാൻ കേന്ദ്രം അനുമതി നല്‍കിയത്.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ധനകാര്യ മന്ത്രാലയത്തിന്റെ ഈ നിലപാട് സാമ്ബത്തിക വർഷത്തിന്റെ അവസാനം കേരളത്തിന് ആശ്വാസം നല്‍കുന്നതാണ്.
കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ നോർത്ത് ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള കേരളവുമായി ബന്ധപ്പെട്ട പല ഫയലുകള്‍ക്കും വേഗം കൂടുകയും ചെയ്തു.
കടപരിധി വിഷയത്തില്‍ കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചതിന് ശേഷം കേരളത്തിന്റെ പല ആവശ്യങ്ങളും ഒച്ചിന്റെ വേഗതയിലാണ് നോർത്ത് ബ്ലോക്കില്‍ നീങ്ങിയിരുന്നത്. എന്നാല്‍ കേരളത്തിനോടുളള നോർത്ത് ബ്ലോക്കിന്റെ നിലപാടില്‍ കാര്യമായ മാറ്റം ഉണ്ടായെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുന്ന വേളയില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനെതിരെ നിയമ പോരാട്ടം നടത്തുന്ന തിരക്കിലായിരുന്നു കേരളം. സംസ്ഥാന സർക്കാർ നല്‍കിയ ഹർജി ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിടുകയും ചെയ്തിരുന്നു.
ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലുള്ള ഹർജി അടിയന്തിരമായി കേള്‍ക്കണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ കപില്‍ സിബല്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു.
കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാം ഡല്‍ഹിയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് എതിരായ നിയമ പോരാട്ടം സംസ്ഥാന സർക്കാർ മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്.