കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ(കെഎസ്ഐഇ) യൂണിറ്റായ കേരളാ സോപ്പ്സ് നിര്‍മ്മിക്കുന്ന പ്രീമിയം ഉത്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന കയറ്റുമതിയുടെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് നിര്‍വഹിച്ചു. ഇതിനു പുറമെ കേരള സോപ്സ് വിപണിയിലിറക്കുന്ന എട്ട് പുതിയ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നടത്തി.
കേരള സോപ്സിന്‍റെ ഉത്പന്നങ്ങള്‍ ലോകവിപണിയിലേക്കെത്തുന്നുവെന്നത് അഭിമാനകരമായ നിമിഷമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരള ബ്രാന്‍ഡിന് ലഭിക്കുന്ന പ്രചാരണം കൂടിയാണിത്. കോസ്മറ്റിക് വിഭാഗത്തില്‍ വലിയ സാധ്യതകളാണ് നമ്മുക്കുള്ളത്. ചന്ദനം നമ്മുക്ക് യഥേഷ്ടം കിട്ടാനുണ്ട്. ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
പുതിയ ഉത്പന്നങ്ങളായ കേരള സാന്‍ഡല്‍ ശ്രേണിയില്‍പ്പെട്ട ലിക്വിഡ് ഹാന്‍ഡ് വാഷ്, "വാഷ് വെല്‍ ഡിറ്റര്‍ജന്‍റ് , "ക്ലീന്‍വെല്‍ ഫ്ളോര്‍ ക്ലീനര്‍", "ഷൈന്‍ വെല്‍ ഡിഷ് വാഷ്" കൂടാതെ പുതിയ ടോയ്ലറ്റ് സോപ്പുകളായ "കോഹിനൂര്‍ സാന്‍ഡല്‍ ടര്‍മെറിക് , "ത്രില്‍ ലാവെന്‍ഡര്‍", "ത്രില്‍ റോസ്", "ത്രില്‍ വൈറ്റ്" എന്നിവയുടെ വിതരണോദ്ഘാടനമാണ് നടന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നതിന്‍റെ സൂചനയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വൈപ്പിന്‍ എം എല്‍ എ ശ്രീ കെ എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ലോകത്തെമ്പാടും മലയാളി ജനസംഖ്യ കൂടി വരുന്നതിനോടൊപ്പം മലയാളി വിപണിയും വലുതാകുന്നുവെന്ന് ശ്രദ്ധിക്കണമെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന ശ്രീ ഹൈബി ഈഡന്‍ എം പി ചൂണ്ടിക്കാട്ടി. ഇതുപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും പറഞ്ഞു. പൊതുമേഖലയെയും സ്വകാര്യമേഖലയെയും ഒരു പോലെ കൈപിടിച്ചുയര്‍ത്തിയ സര്‍ക്കാരാണിതെന്ന് കൊച്ചി മേയര്‍ ശ്രീ എം അനില്‍കുമാര്‍ പറഞ്ഞു.
കേരള സോപ്സിന്‍റെ പ്രീമിയം ഉത്പന്നങ്ങളുടെ സാന്നിധ്യം ആഗോള വിപണിയില്‍ ശക്തമാക്കുന്നതിനോടനുബന്ധിച്ചാണ് പുതിയ നീക്കമെന്ന് കെഎസ്ഐഇ ചെയര്‍മാന്‍ ശ്രീ. പീലിപ്പോസ് തോമസ് പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം കൊല്ലവും കേരള സോപ്സ് ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി എസ് അക്ബര്‍, കസ്റ്റംസ് കളക്ടർ കെ പത്മാവതി, അഡി. ഡിജി ഫോറിന്‍ ട്രേഡ് കൊച്ചി ഡി ശ്രീധര്‍, മെര്‍ച്ചന്‍റ് എക്സ്പോര്‍ട്ടര്‍ സുഭാഷ് കണ്ണമ്പിള്ളില്‍, വിദേശ വിതരണക്കാരായ മുഹമ്മദ് അന്‍സാര്‍, സയ്യിദ് അബ്ദുര്‍ റഹ്മാന്‍, മെഹബൂബ് സി, ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ കെ അജിത് കുമാര്‍, എഫ്ഐഇഒ അസി. ഡയറക്ടര്‍ രാജീവ് എംസി, കെഎസ്ഐഇ മാനേജിങ് ഡയറക്ടര്‍ ജി രാജീവ് തുടങ്ങിയവരും സംബന്ധിച്ചു.
1914 ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കേരളാ സോപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇന്നത്തെ കേരളാ സോപ്സിന്‍റെ മാതൃ സ്ഥാപനം. അന്ന് ഏഷ്യയിലെതന്നെ ഏറ്റവും വലിയ സോപ്പ് നിര്‍മ്മാണ പരിശീലന യൂണിറ്റായിരുന്നു ഇത്. ഇവിടെ നിര്‍മ്മിക്കുന്ന സോപ്പുകള്‍ ജനപ്രിയമാകുകയും രാജ്യത്തെ വൈസ്രോയി അടക്കമുള്ള പ്രമുഖര്‍ക്ക് വിതരണം നടത്തുകയും ചെയ്തിരുന്നു.
വിവിധ കാരണങ്ങളാല്‍ നിര്‍ജ്ജീവമായ കമ്പനി 2010 ലാണ് കെഎസ്ഐഇ യുടെ നേതൃത്വത്തില്‍ കോഴിക്കോട് വെള്ളയില്‍ അത്യാധുനിക യന്ത്രസജ്ജീകരണങ്ങളോടെ പുനരാരംഭിച്ചത്. ഇതിനായി പ്രതിവര്‍ഷം 12,000 മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള അത്യാധുനിക ഓട്ടോമാറ്റിക് യന്ത്രങ്ങളാണ് കമ്പനിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പശ്ചിമ ഘട്ടത്തിലെ മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്നുള്ള യഥാര്‍ത്ഥ ചന്ദന തൈലം ചേര്‍ത്താണ് കേരളാ സാന്‍ഡല്‍ സോപ്പുകള്‍ നിര്‍മ്മിക്കുന്നത്.
ഇതോടൊപ്പം, സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുമേഖലാ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വൈവിധ്യവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സെമി ഓട്ടോമാറ്റിക് ലിക്വിഡ് ഫില്ലിംഗ് മെഷീന്‍, സെമി ഓട്ടോമാറ്റിക് പൗച് സീലിംഗ് മെഷീന്‍, ഓട്ടോമാറ്റിക് സാമ്പിള്‍ സോപ്പ് സ്റ്റാമ്പിങ് മെഷീന്‍ എന്നിവ ഫാക്ടറിയില്‍ പുതുതായി സ്ഥാപിക്കുകയും വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുകയും ചെയ്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ 3000ത്തോളം വരുന്ന ഔട്ട്ലെറ്റുകള്‍ വഴി കേരള സോപ്സ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. കേരളത്തിലെ 14 ജില്ലകളിലായി 85 ഓളം വരുന്ന വിതരണക്കാരിലൂടെയാണ് വിപണിയില്‍ കേരള സോപ്സിന്‍റെ വിപണന ശൃംഖല വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടുകൂടി വിതരണക്കാരുടെ എണ്ണം 150 ലേക്ക് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. വിപണിയില്‍ സ്വകാര്യ മേഖലയിലെ വന്‍കിട കമ്പനികളോടാണ് കേരള സോപ്സിന്‍റെ മത്സരം. ഏറ്റവും ഗുണമേډയുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെയാണ് കേരള സോപ്സ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കേരള സോപ്സ് ഉത്പന്നങ്ങള്‍ ലഭ്യമാണ്. കയറ്റുമതി മേഖലയിലും നിര്‍ണ്ണായകമായ ചുവടുവയ്പാണ് ഈ വര്‍ഷം കേരളാ സോപ്സ് നടത്തിയിരിക്കുന്നത്.
ജനറല്‍ മാനേജര്‍ ശ്രീ സി.ബി. ബാബുവിന്‍റെ നേതൃത്വത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം 803.25 മെട്രിക് ടണ്‍ സോപ്പ് ഉത്പന്നങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള വിപണികളില്‍ എത്തിക്കുകയും ഏറ്റവും മികച്ച വിറ്റുവരവ് കൈവരിക്കുകയും ചെയ്തു. 282.08 ലക്ഷം രൂപയുടെ അറ്റാദായമാണ് കമ്പനി കൈവരിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി ഉത്പാദനം വര്‍ദ്ധിപ്പിച്ചു കൊണ്ട് വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് കേരള സോപ്സ്. 2024-25 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 300 ലക്ഷം രൂപയിലേക്ക് എത്തിക്കുകയാണ് കേരള സോപ്സിന്‍റെ ലക്ഷ്യം.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപീകരിച്ചതാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ്(കെഎസ്ഐഇ).