തെലങ്കാനയിലെ ആദ്യത്തെ കിറ്റക്‌സിന്റെ വസ്ത്ര ഫാക്ടറി: 50,000 പേർക്കാണ് തൊഴിൽ, മുടക്കുമുതലിന്റെ 90 ശതമാനം വരെ സർക്കാർ തിരിച്ച് കൊടുക്കും
കൊച്ചി: കേരളം വിട്ട് തെലങ്കാനയിലേക്ക് എന്ന് ഉറപ്പിച്ച് കിറ്റക്സ് എംഡി സാബു ജേക്കബ്. തെലങ്കാനയിലെ ആദ്യത്തെ കിറ്റക്‌സിന്റെ വസ്ത്ര ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സാബു ജേക്കബ് പ്രതികരിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്കാണിത്. ഉദ്ഘാടനം സെപ്റ്റംബറിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിർവഹിക്കും. സംസ്ഥാനത്തെ 50,000 പേർക്കാണ് തൊഴിൽ ലഭിക്കുകയെന്നും സാബു ജേക്കബ് പ്രതികരിച്ചു. 1350 ഏക്കറിലായാണ് വ്യവസായ പാർക്ക് ഒരുങ്ങുന്നത്. പുതിയ വ്യാവസായിക പാർക്കിലൂടെ രാജ്യത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
തെലങ്കാന വ്യവസായ- ഐടി മന്ത്രി കെടി രാമ റാവു ട്വീറ്റ് ചെയ്തതോടെയാണ് കിറ്റക്സ് വ്യവസായ പാർക്കിന്റെ നിർമാണ പുരോഗതി വീണ്ടും ചർച്ചയാകുന്നത്. തെലങ്കാനയിൽ രണ്ട് പ്രോജക്ടുകളാണ് കിറ്റക്സ് ഗ്രൂപ്പിനുള്ളത്. വാറങ്കലിലെ പ്രോജക്ടിനെക്കുറിച്ചാണ് തെലങ്കാന മന്ത്രിയുടെ ട്വീറ്റ്.
തെലങ്കാനയിൽ ആയിരം കോടിയിൽ ഒരു പ്രോജക്ട് തുടങ്ങാനുള്ള തീരുമാനത്തിലാണ് ചർച്ചകൾ ആരംഭിച്ചത്. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷം അത് 2000 കോടിയിലെത്തുകയായിരുന്നു. പ്രോജക്ട് അന്തിമഘട്ടത്തിലേക്കെത്തിയപ്പോൾ അത് 2400 ആവുകയും ഇപ്പോഴത് 3000 കോടിയിലെത്തി നിൽക്കുകയുമാണ്.
വാറങ്കലിൽ മാത്രം 25000-ത്തോളം പേർക്കാണ് ജോലി ലഭിക്കുകയെന്നും ഹൈദരാബാദിൽ വാറങ്കലിലുമായി 50000ത്തോളം പേർക്കാണ് ജോലി ലഭിക്കുക. സ്ത്രീകൾക്കാണ് ഇതിൽ 85 ശതമാനം ജോലികളും ലഭിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
കർഷകരിൽ നിന്ന് പരുത്തി നേരിട്ട് വാങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോയതിന് ശേഷം വസ്ത്രങ്ങളാക്കി കയറ്റുമതി ചെയ്യുന്ന സമ്പൂർണ ഉത്പാദന പ്രവർത്തനമാണ് തെലങ്കാനയിൽ നടക്കുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരമൊരു പ്രോജക്ട് വേറെ ഉണ്ടാകാൻ സാധ്യതയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
നേരത്തെ, നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലുങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ആദ്യ ഘട്ട ചർച്ചക്കുശേഷം സാബു ജേക്കബ് പറഞ്ഞിരുന്നു. തെലങ്കാനയിൽ മുടക്കുമുതലിന്റെ 70 ശതമാനം മുതൽ 90 ശതമാനം വരെ സർക്കാർ തിരിച്ച് നിക്ഷേപകന് കൊടുക്കും. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതൽ 900 കോടി വരെ തിരികെ നൽകുമെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.