കോഴിക്കോട് 25 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് : ഉത്തരേന്ത്യയിൽ കടയുണ്ടെന്ന് വ്യാജരേഖ
കോഴിക്കോട്: മിഠായിത്തെരുവിലെ വിവിധ കടകളിൽ 27 കോടിയുടെ ജിഎസ്ടി നികുതിവെട്ടിപ്പ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രജിസ്ട്രഷനുകളുടെ പേരിലാണ് വെട്ടിപ്പ് നടക്കുന്നത്. വ്യാജരേഖകൾ ചമച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന് ഇന്നലെ ജിഎസ്ടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തിയത്. ജീവനക്കാരുടെയോ മറ്റോ പേരിലുള്ള പാൻ കാർഡ് ഉപയോഗിച്ച് കടകൾ രജിസ്റ്റർ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. എന്നാൽ യഥാർത്ഥത്തിൽ അത്തരം കടകൾ പ്രവർത്തിക്കുന്നില്ല. ഈ വ്യാജ കടകളുടെ മറവിൽ ഉത്തരേന്ത്യയിൽ വെച്ച് തന്നെ നികുതിയടച്ചുവെന്ന് കാണിക്കുകയും നികുതി വെട്ടിപ്പ് നടത്തുകയുമായിരുന്നു.
നികുതി വെട്ടിപ്പ് കണ്ടെത്തിയ കടകൾക്ക് ജിഎസ്ടി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. വ്യാപകമായ നികുതി തട്ടിപ്പ് നടക്കുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി ഇന്റലിജൻസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജി.എസ്.ടി ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ ടി.എ അശോകൻ പറഞ്ഞു. പരിശോധനകൾ പൂർത്തിയാക്കിയാലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു
ഗുജറാത്ത്, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ നിന്നും വിൽപനയ്ക്കുള്ള ചരക്ക് വാങ്ങിയതായി വ്യാജ രേഖ സൃഷ്ടിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. ഈ ചരക്കുകൾക്ക് വാങ്ങിയ സംസ്ഥാനത്ത് തന്നെ നികുതി നൽകിയ വിവരങ്ങളും ഓൺലൈനായി രേഖപ്പെടുത്തും. പിന്നീട് കച്ചവടക്കാർക്ക് കേരളത്തിൽ നികുതി നൽകേണ്ടതില്ല. ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഈ സാധനങ്ങൾ സ്ഥാപനങ്ങളിൽ എത്തിയില്ല എന്ന് കണ്ടെത്തി. ജില്ലയിലെ 25 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 27 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഈ സ്ഥാപനങ്ങൾ തമ്മിൽ ബന്ധമുള്ളതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത്തരം തട്ടിപ്പുകളുടെ കൃത്യമായ വ്യാപ്തി വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും ജി.എസ്.ടി ഇന്റലിജൻസ് അറിയിച്ചു.