ജീവനക്കാരുടെ ലീവ് സറണ്ടർ നികുതി ഇളവ് പരിധി 3 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർത്തി സർക്കാർ വിജ്ഞാപനം ഇറക്കി
സർക്കാർ ഇതര - സ്വകാര്യ ജീവനക്കാരുടെ ലീവ് സറണ്ടർ നികുതി ഇളവ് പരിധി ഉയർത്തിയ നടപടി പ്രാബല്യത്തില്‍. വിരമിക്കുന്ന സമയത്ത് ജീവനക്കാർക്ക് ലഭിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യങ്ങൾക്കുള്ള നികുതി ഇളവ് പരിധി കേന്ദ്ര ബജറ്റിൽ വാഗ്ദാനം ചെയ്തതുപോലെ 3 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർത്തി സർക്കാർ വിജ്ഞാപനം ഇറക്കി. 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വരുന്ന നികുതി ഇളവ് ശമ്പളക്കാരായ വ്യക്തിഗത ആദായനികുതി ദായകരിൽ പകുതിയിൽ കൂടുതൽ പേർക്ക് ഗുണം ചെയ്യുമെന്ന് റവന്യൂ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
സർക്കാർ ഇതര ശമ്പളക്കാരായ ജീവനക്കാരുടെ ലീവ് സറണ്ടർ നികുതി ഇളവിനുള്ള പരിധി മൂന്ന് ലക്ഷമായി നിശ്ചയിച്ചത് 2002 ലാണ്. അന്ന് സർക്കാർ ജോലിയിലെ ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം പ്രതിമാസം മുപ്പതിനായിരം രൂപയായിരുന്നുവെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. സർക്കാർ ശമ്പള വർദ്ധനവിന് അനുസൃതമായി, ഈ പരിധി 25 ലക്ഷമായി ഉയർത്താൻ നിർദേശിക്കുന്നതായും അവർ വ്യക്തമാക്കി.
വിരമിക്കുന്ന വർഷത്തിൽ പുതിയ ഇളവ് രഹിത ആദായനികുതി വ്യവസ്ഥയിലേക്ക് മാറുന്ന ജീവനക്കാർക്കും ഈ മാറ്റത്തിന്റെ പ്രയോജനം ലഭിക്കും .