വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്‍പ്പനയ്‌ക്കെത്തിയേക്കും; ജിഎസ്ടി കമ്മീഷണറുടെ ശുപാര്‍ശ അടങ്ങുന്ന ഫയൽ നികുതി വകുപ്പില്‍
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്‍പ്പനയ്‌ക്കെത്തിയേക്കും. മദ്യ ഉത്പാദകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട നികുതി നിരക്കില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചു. ജിഎസ്ടി കമ്മീഷണറുടെ ശുപാര്‍ശ അടങ്ങുന്ന ഫയല്‍ സെക്രട്ടേറിയറ്റിലെ നികുതി വകുപ്പില്‍ എത്തി.
400 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫുള്‍ ബോട്ടില്‍ മദ്യത്തിന് 251 ശതമാനവും 400ല്‍ താഴെയുള്ളതിന് 241 ശതമാനവുമാണ് നിലവില്‍ നികുതി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80 ശതമാനം വരെയാക്കണമെന്നാണ് ആവശ്യമെങ്കിലും ഇത്രയും കുറവ് വരുത്തുമോ എന്നത് സംശയമാണ്.
വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാല്‍ വില്‍പ്പനയും കൂടുമെന്ന് ഉത്പാദകര്‍ പറയുന്നു. മദ്യത്തിലെ ആല്‍ക്കഹോളിന്റെ അളവ് 20 ശതമാനമാകുമ്പോള്‍ നികുതി ഇളവ് വേണമെന്നാണ് ആവശ്യം. വീര്യം കുറഞ്ഞ മദ്യ ഉത്പാദനം കൂട്ടാന്‍ നികുതി കുറയ്ക്കണമെന്ന് നാളുകളായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ അടുത്ത കാലത്താണ് ഇതിന്മേല്‍ സമ്മര്‍ദ്ദം ശക്തമായത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നികുതി കമ്മീഷണറോട് റിപ്പോര്‍ട്ടും തേടിയിരുന്നു. ഈ ആവശ്യത്തെ നേരത്തെ ശക്തമായി എതിര്‍ത്ത നികുതി കമ്മീഷണര്‍ ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മറ്റൊരു ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ അധിക ചുമതല നല്‍കിയിരിക്കുന്നത്.