‘20 കോടി കൊണ്ട് ചന്ദ്രനിൽ 5 സെന്റ് സ്ഥലം വാങ്ങി’; മണപ്പുറം കേസ് ഇനി ക്രൈംബ്രാഞ്ചിന് ; അക്കൗണ്ടിൽ കണക്കുകൾ ടാലിയാകാതെ വന്നതിലൂടെ തട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞു..
തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. മുഖ്യ പ്രതി ധന്യ മോഹനെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാവും കേസ് കൈമാറുക. തട്ടിയെടുത്ത ഇരുപത് കോടി എട്ട് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പൊലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയോ എന്നും പരിശോധിക്കുന്നുണ്ട്.
മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ എജിഎം ആയിരുന്ന ധന്യ മോഹന്‍ എണ്‍പത് ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തുടങ്ങിയ പൊലീസ് അന്വേഷണമാണിപ്പോള്‍ 19.94 കോടി തട്ടിയെന്ന കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്.
20 കോടി കൊണ്ട് ചന്ദ്രനിൽ 5 സെന്റ് സ്ഥലം വാങ്ങിയെന്ന് ധന്യ മോഹനൻ. വൈദ്യ പരിശോധനയ്ക്ക് ശേഷമായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നും 20 കോടി രൂപ തട്ടിയ പ്രതി ധന്യ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കുറ്റം ചെയ്തോ എന്ന ചോദ്യത്തോട് 'എന്റെ ഈ ബാഗ് മുഴുവൻ കാശാണ്. നിങ്ങൾ വന്ന് എടുത്തോളൂ' എന്നായിരുന്നു പ്രതികരണം.
രണ്ടു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന സര്‍ക്കുലറുള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുക. ധന്യ പണം കടത്തിയ വഴിതേടിയുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ധന്യയുടെയും ബന്ധുക്കളുടെയും നാലു വര്‍ഷത്തെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ധന്യക്ക് മാത്രം അഞ്ച് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അച്ഛന്റെ അക്കൗണ്ടിലേക്ക് നാല്പത് ലക്ഷവും ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് ഇരുപത്തിയഞ്ച് ലക്ഷവും കടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടന്നു അറിയുന്നു. വലപ്പാട്ടെ വീട്ടില്‍ ധന്യ തനിച്ചായിരുന്നു താമസം.
തട്ടിപ്പിന്റെ തുടക്കത്തില്‍ വിദേശത്തായിരുന്ന ഭര്‍ത്താവിന്റെ കുഴല്‍പ്പണ സംഘങ്ങള്‍ വഴി പണം നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ റമ്മി ഇടപാടില്‍ രണ്ടു കോടി രൂപ മുടക്കിയിട്ടുണ്ട്. ധന്യയുടെ അക്കൗണ്ടുകള്‍, സ്വത്തുക്കള്‍ എന്നിവ മരവിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. തട്ടിപ്പില്‍ ധന്യക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നു.
പതിനെട്ട് വർഷമായി മണപ്പുറം comptech and Consultants ലിമിറ്റഡിൽ ജോലിചെയ്യുന്ന ധാന്യ മോഹൻ സ്ഥാപനത്തിന്‍റെ ഡിജിറ്റൽ പേഴ്‌സണൽ ലോൺ ആപ്പിന്‍റെ നിർമ്മാണത്തിൽ നിർണായക പങ്കാളിയായിരുന്നു. ബി ടെക് പഠനത്തിന് ശേഷം സ്വന്തമായൊരു മൊബൈൽ ആപ്പ് നിർമ്മിച്ച ധന്യ മണപ്പുറത്ത് ജീവനക്കാരിയായി എത്തുകയായിരുന്നു. ജോലി ചെയ്യുന്ന കാലയളവിൽ വിശ്വസ്തയായിരുന്ന ധന്യ തന്‍റെ കോഡിംഗ് മികവാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ആപ്പിൻ്റെ ബാക്ക് എൻഡ് നന്നായറിയാവുന്ന ധന്യ സ്ഥാപനത്തിന്‍റെ അക്കൗണ്ടിൽ നിന്നും തന്‍റെ പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കും പിതാവിന്‍റെയും സഹോദരൻ്റെയും അക്കൗണ്ടുകളിലേക്കുമായിരുന്നു പണം ട്രാൻസ്ഫർ ചെയ്തിരുന്നത്. ഡിജിറ്റൽ പേഴ്സണൽ ലോണിന്‍റെ പലിശയിനത്തിൽ വക മാറ്റിയായിരുന്നു ധന്യ തട്ടിപ്പ് മറച്ചു പിടിച്ചിരുന്നത്.
സോഫ്റ്റ്‌വെയർ ബാക്ക് എൻഡിലൂടെ കൃത്യമായ സമയങ്ങളിൽ തട്ടിപ്പ് മറക്കാനുള്ള നീക്കങ്ങൾക്ക് തടസ്സമായത് ലോകമാകെ നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബൽ ഔട്ടേജിലൂടെ കമ്പ്യൂട്ടറുകളുടെ പ്രവർത്തനം നിലച്ചതോടെയാണ്. ഈ സാഹചര്യത്തിൽ ധാന്യക്ക് തന്‍റെ തട്ടിപ്പ് മറക്കാൻ ആവശ്യമായ നീക്കം നടത്താനായില്ല. അതേസമയം അക്കൗണ്ടിൽ കണക്കുകൾ ടാലിയാകാതെ വന്നത് സ്ഥാപനത്തിന്‍റെ ശ്രദ്ധയിൽ പെടുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കാൻ സ്ഥാപനം ഏല്പിച്ചതും ധന്യയെ തന്നെയായിരുന്നു. തന്‍റെ തട്ടിപ്പ് പിടിക്കപ്പെടും എന്നറിഞ്ഞതോടെ ധന്യ ഉടൻ ഒളിവിൽ പോകുകയായിരുന്നു. ധാന്യയുടെ അസാധാരണ നടപടിയിൽ കമ്പനിക്ക് സംശയം തോന്നി ധന്യയുടെ ഇടപാടുകൾ പരിശോധിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്. കമ്പനിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ധന്യ ഇന്നലെ രാത്രി കൊല്ലത്ത് ഈസ്റ്റ് പൊലീസിന് മുന്നിൽ ഹാജരായി കീഴടങ്ങുകയായിരുന്നു. പിന്നീട് തൃശ്ശൂരിൽ എത്തിച്ച പ്രതിയെ വലപ്പാട് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. തൃശൂർ റൂറൽ എസ്പി നവനീത് ശർമ്മ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു, വലപ്പാട് പൊലീസ് ഇൻസ്‌പെക്ടർ എം കെ രമേശ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ. പ്രതി ധന്യ തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനും വസ്തുവകകൾ വാങ്ങുന്നതിനുമാണ് ഉപയോഗിച്ചത് എന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.