ഓണക്കാലം കടന്ന് കൂടാൻ ചുരുങ്ങിയത് 8000 കോടി രൂപയുടെ ചെലവ് കണക്കാക്കി സംസ്ഥാന ധനവകുപ്പ്
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഓണക്കാലം കടന്ന് കൂടാൻ ചുരുങ്ങിയത് 8000 കോടി രൂപയുടെ ചെലവ് കണക്കാക്കി സംസ്ഥാന ധനവകുപ്പ്.
ക്ഷേമ പെൻഷൻ കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾക്കും ഉത്സവകാലത്തെ പ്രത്യേക ചെലവുകൾക്കുമായാണ് തുക. അടിയന്തര സാമ്പത്തിക അനുമതികൾ ആവശ്യപ്പെട്ട് ധനമന്ത്രി നൽകിയ നിവേദനത്തോട് കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്ന് ഇത് വരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.
ചെലവ് കര്‍ശനമായി ചുരുക്കിയാലേ പിടിച്ച് നിൽക്കാനാകു എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന ഖജനാവിന് വെല്ലുവിളിയായി ഓണക്കാലത്തെ അധിക ചെലവുകൾ.
ഓണമടുക്കുമ്പോഴേക്ക് ക്ഷേമ പെൻഷൻ മൂന്ന് മാസം തീരുമാനിച്ചാൽ പോലും 1700 കോടി വേണ്ടിവരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാൻ കണ്ടെത്തേണ്ടത് 3398 കോടി.
ബോണസും ഉത്സവ ബത്തയും അഡ്വാൻസ് തുക അനുവദിക്കുന്നതും അടക്കം വരാനിരിക്കുന്നത് വലിയ ചെലവാണ്. വിവിധ വകുപ്പുകൾക്ക് നൽകേണ്ട ഉത്സവകാല ആനുകൂല്യങ്ങൾക്ക് കണ്ടെത്തേണ്ട തുക വേറെ. കരാറുകാര്‍ക്ക് അടക്കം കുടിശിക കൊടുത്ത് തീര്‍ക്കുകയും വേണം.
വായ്പ പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സമാനതകളില്ലാത്ത പ്രതിസന്ധി സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയിട്ടുണ്ട്.
ഡിസംബര്‍ വരെയുള്ള 9 മാസം കടമെടുക്കാൻ അനുമതി കിട്ടിയ 15000 കോടിയിൽ ഇനി നാലായിരം കോടി മാത്രമാണ് ബാക്കിയുള്ളത്. വായ്പാ പരിധി കഴിഞ്ഞതോടെ ഓവര്‍ഗ്രാഫ്റ്റിലായ സംസ്ഥാന ഖജനാവിനെ 1500 കോടിയുടെ കടപത്രമിറക്കിയാണ് താൽകാലികമായി പിടിച്ച് നിര്‍ത്തിയത്.
മാര്‍ച്ച് മാസ ചെലവുകൾക്ക് ശേഷം ഏറ്റവും അധികം ചെലവ് വരുന്ന ഓണക്കാലം കൂടി കഴിയുന്നതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാന ഖജനാവിനെ കാത്തിരിക്കുന്നത്.
15000 കോടിയുടെ അടിയന്തര സാമ്പത്തിക അനുമതികൾ തേടി കേന്ദ്രത്തിന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിവേദനം നൽകിയിരുന്നെങ്കിലും അതിലൊന്നും ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ല.