വിവരം ലഭിക്കാതെ അപേക്ഷക മരിച്ചു; സൂപ്രണ്ടിന് പിഴയിട്ട് കമ്മിഷൻ
വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തിൽ ഓഫീസ് സൂപ്രണ്ടിന് പിഴശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷൻ. തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് സൂപ്രണ്ട് ജെസ്സിമോൾ പി വി 15000 രൂപ പിഴ ഒടുക്കാനാണ് കമ്മിഷണർ എ.അബ്ദുൽ ഹക്കിം വിധിച്ചത്. ജെസ്സിമോൾ നെടുമങ്ങാട് നഗരസഭ സൂപ്രണ്ടായിരുന്ന കാലത്ത് അവിടുത്തെ ജീവനക്കാരിയായിരുന്ന സുലേഖ ബാബുവിന് പെൻഷൻ ആനുകൂല്യങ്ങളും അതിൻമേലുള്ള വിവരങ്ങളും കൃത്യസമയം നല്കിയില്ല എന്ന് കമ്മീഷൻ കണ്ടെത്തി. വിവരങ്ങൾക്കും ആനുകൂലങ്ങൾക്കും കാത്തിരുന്ന സുലേഖ ബാബുവിനെയും സൂപ്രണ്ടിനെയും കമീഷൻ ഹിയറിംഗിന് വിളിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുലേഖ ഹിയറിംഗിന് മുമ്പ് സെപ്തമ്പർ 12 ന് മരണപ്പെട്ടു. തുടർന്ന് കമ്മീഷണർ നടത്തിയ തെളിവെടുപ്പിനെ തുടർന്നാണ് അന്നത്തെ സൂപ്രണ്ടായ ജെസ്സിമോൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.