പുതിയ വ്യവസായ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി; ജില്ലയില്‍ 1.06 കോടി രൂപ നല്‍കും
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ് വഴി നടപ്പാക്കുന്ന സംരംഭക സഹായ പദ്ധതി പ്രകാരം ജില്ലയില്‍ പുതിയതായി വ്യവസായ സംരംഭം തുടങ്ങിയ 30 വ്യവസായ യൂണിറ്റുകള്‍ക്ക് സബ്‌സിഡിയായി 1,06,56,567 രൂപ അനുവദിക്കും. ജില്ലാ കളക്ടര്‍ ചെയര്‍മാനായുളള ഇതു സംബന്ധിച്ച ജില്ലാതല കമ്മറ്റിയിലാണ് തുക അനുവദിച്ചത്. പദ്ധതി പ്രകാരം ജില്ലയില്‍ പുതിയതായി വ്യവസായ സംരംഭം തുടങ്ങിയ സംരംഭകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇതിലൂടെ ജില്ലയില്‍ 5,11,75,145 രൂപയുടെ നിക്ഷേപവും 202 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പുതുതായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവര്‍ക്ക് ഭൂമി, കെട്ടിടം, യന്ത്രവത്കരണം എന്നിവയില്‍ അവരുടെ നിക്ഷേപത്തിന്റെ 15 ശതമാനം മുതല്‍ 30 ശതമാനം വരെ പരമാവധി 30 ലക്ഷം രൂപ സബ്സിഡിയായി നല്‍കുന്ന പദ്ധതിയാണ് വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്നത്. പൊതു വിഭാഗത്തില്‍ നിക്ഷേപത്തിന്റെ 15 ശതമാനമാണ് സബ്സിഡിയായി സര്‍ക്കാര്‍ നല്‍കുക. വനിത, യുവസംരഭകര്‍, എസ്.സി.എസ്.ടി തുടങ്ങിയ പ്രത്യേക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 5 ശതമാനം കൂടി സബ്സിഡി ലഭിക്കും. ഭക്ഷ്യം, കൃഷി തുടങ്ങി ഊന്നല്‍ വിഭാഗങ്ങള്‍ക്ക് അധികമായി 10 ശതമാനം സബ്സിഡി ലഭിക്കും.