കേരളത്തില്‍ വീണ്ടും കോവിഡ് 19; എറണാകുളത്ത് അഞ്ചുപേര്‍ക്ക് സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളത്ത് അഞ്ചുപേര്‍ക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. വിനോദയാത്രയ്ക്ക് എത്തിയ 17 അംഗ ബ്രിട്ടീഷ് സംഘത്തിലെ അഞ്ച് പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്. കൊച്ചിയിലെ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്ന ഇവരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
രോഗം സ്ഥിരീകരിച്ചവരെല്ലാം 60 വയസ് പിന്നിട്ടവരാണ്. ആദ്യഘട്ടത്തില്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നും അഞ്ച് പേരുടെയും നില തൃപ്തികരമാണെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘത്തില്‍ ഒരാള്‍ക്ക് നേരത്തെ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് മന്ത്രി അറിയിച്ചത്. സംഘത്തില്‍ ശേഷിക്കുന്നവര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 33 ആയി. അഞ്ച് പേര്‍ക്കു കൂടി രോഗം കണ്ടെത്തിയതിനാല്‍ എറണാകുളം ജില്ലയില്‍ ശക്തമായ ജാഗ്രതയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു