പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കാനായി വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടി
ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കാനായി വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടി ജൂലൈ 15 ന് ആരംഭിക്കും. ഓരോ ജില്ലയിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങൾ ആരംഭിച്ചവരേയോ തുടങ്ങാൻ ആഗ്രഹിക്കുന്നവരേയോ ആണ് മന്ത്രി നേരിൽ കാണുക. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസങ്ങളും സംരംഭകർക്ക് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താം. അത്തരം പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, തദ്ദേശ വകുപ്പ്, ലീഗൽ മെട്രോളജി, മൈനിംഗ് ആന്റ് ജിയോളജി, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ, ചുമതലയുള്ള ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ മന്ത്രിക്കൊപ്പം ഉണ്ടാകും.
എറണാകുളം- ജൂലൈ 15 രാവിലെ 10, തിരുവനന്തപുരം- ജൂലൈ 16 ഉച്ചക്ക് 2, കോട്ടയം- ജൂലൈ 19 രാവിലെ 10 എന്നിങ്ങനെ ആദ്യ മൂന്ന് ജില്ലകളിലെ പരിപാടിയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും പരിപാടിയുടെ സംഘാടനത്തിന് വ്യവസായ വകുപ്പിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതല നിശ്ചയിച്ചിട്ടുണ്ട്. പരാതികളോ പ്രശ്നങ്ങളോ ശ്രദ്ധയിൽപെടുത്താൻ ആഗ്രഹിക്കുന്നവർ അവ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഈ മെയിൽ വഴിയോ മുൻകൂട്ടി നൽകണം. പരാതിയുടെ പകർപ്പ് [email protected] എന്ന ഇ-മെയിലിലും നൽകണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. മന്ത്രിയെ കാണേണ്ട സമയം അപേക്ഷകരെ മുൻകൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് അറിയിക്കും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി വ്യവസായികളുമായി ചർച്ച നടത്തുന്നതിന് ഫിക്കി പ്രത്യേക പരിപാടി ജൂലൈ 12 ന് സംഘടിപ്പിച്ചിട്ടുണ്ട്. സി.ഐ.ഐയും ചെറുകിട വ്യവസായികളുടെ സംഘടനയും ഇതിനായി പ്രത്യേക വേദികളൊരുക്കും.
സംരംഭകർക്ക് വ്യവസായ നടത്തിപ്പിനുള്ള എല്ലാ സൗകര്യങ്ങളും നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഏതെങ്കിലും തലത്തിൽ സാങ്കേതിക തടസങ്ങൾ നേരിടുന്നവർക്ക് അവരുടെ സംരംഭങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള അവസരമാണ് മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലൂടെ ഒരുക്കുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു