വിദേശത്തേക്ക് പണമയക്കുമ്പോള്‍ 20 ശതമാനം നികുതി ഈടാക്കാൻ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം.
വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്കായി പണം അയക്കാന്‍ മാതാപിതാക്കള്‍ക്ക് ഇനി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. വിദ്യാഭ്യാസ ചെലവുകള്‍ക്കോ ചികിത്സക്കോ അല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണമയക്കുമ്പോള്‍ 20 ശതമാനം നികുതി ഈടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണ അവതരിപ്പിച്ച ബജറ്റിലാണ് രാജ്യത്ത് നിന്ന് പണം കൈമാറ്റം ചെയ്യുമ്പോഴുള്ള നികുതി നിയമങ്ങളില്‍ മാറ്റം പ്രഖ്യാപിച്ചത്.
ഇന്ത്യാക്കാര്‍ക്ക് വിദേശത്തേക്ക് പണം അയക്കാന്‍ അനുവദിക്കുന്ന ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിലുള്ള വിദേശ പണമിടപാടുകൾക്ക് സ്രോതസില്‍ നികുതി പിരിവ് (ടിസിഎസ്) 5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താനായിരുന്നു ബജറ്റിലെ നിര്‍ദേശം. വിദേശ യാത്രകൾ, വിദേശ നിക്ഷേപം, വിദേശത്തേക്ക് പണം അയയ്ക്കൽ, വിദ്യാഭ്യാസത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കും ഒഴികെയുള്ള മറ്റ് പണമയക്കലുകൾക്ക് ഇത് ബാധകമാകും.
നിലവിലെ നിയമപ്രകാരം, ഒരു സാമ്പത്തിക വര്‍ഷം ഏഴു ലക്ഷം രൂപ വരെ വിദേശത്തേക്ക് അയക്കുമ്പോള്‍ സ്രോതസില്‍ നികുതി നല്‍കേണ്ടതില്ല. ഏഴു ലക്ഷം രൂപയില്‍ കൂടുതലുള്ള തുകയ്ക്ക് അഞ്ചു ശതമാനം ടി.സി.എസ് ഈടാക്കുന്നുണ്ട്. എന്നാല്‍, പുതിയ ബജറ്റ് നിര്‍ദേശം അനുസരിച്ച് വിദ്യാഭ്യാസവും ചികിത്സയും അല്ലാതെ മറ്റെന്ത് ആവശ്യത്തിന് വിദേശത്തേക്ക് പണമയച്ചാലും, അയക്കുന്ന ആകെ തുകയുടെ 20 ശതമാനം പിടിച്ചുവയ്ക്കും.അയക്കുന്നത് എത്ര ചെറിയ തുകയാണെങ്കിലും 20 ശതമാനം നികുതി നല്‍കണം.