രാജ്യത്ത് നികുതി അടയ്‌ക്കുന്നവരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്
രാജ്യത്ത് നികുതി അടയ്‌ക്കുന്നവരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. ആദായനികുതി റിട്ടേൺ ഫയലിംഗുകൾ വർദ്ധിപ്പിച്ചതായി എസ്ബിഐ പഠന റിപ്പോർട്ട്.
സമർപ്പിച്ച ആദായനികുതി റിട്ടേൺ ഫയലിംഗുകൾ 7.3 കോടിയിൽ നിന്ന് 8.6 കോടിയായി ഉയർന്നു. നികുതി അടയക്കുന്ന അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ എണ്ണത്തിൽ 74.2 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരിട്ടുള്ള നികുതി സംഭാവനകൾ മൊത്തം നികുതി വരുമാനത്തിന്റെ 56.7 ശതമാനമായി ഉയർന്നു. വ്യക്തിഗത ആദായനികുതി ശേഖരണം കോർപ്പറേറ്റ് ആദായനികുതിയെ മറികടന്നതായും റിപ്പോർട്ടിൽ പറയുന്നു. 6.89 കോടി പേർ കൃത്യസമയത്ത് ഫയൽ ചെയ്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നികുതിദായകരുടെ എണ്ണം 2.3 മടങ്ങ് വർദ്ധിച്ച് 8.62 കോടിയായി.
കോടീശ്വര നികുതിദായകരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2014-നെ അപേക്ഷിച്ച് 2024-ൽ അഞ്ചിരട്ടി വർദ്ധിച്ച് 2.2 ലക്ഷമായി. വ്യക്തിഗത നികുതിദായകരിൽ 15 ശതമാനത്തോളം പേർ സ്ത്രീകളാണ്.
മൊത്തം റിട്ടേണുകളുടെ 48 ശതമാനം മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.
ഉത്തർപ്രദേശ് ബിഹാർ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ആദായനികുതി ഫയലിംഗ് വിഹിതം വർദ്ധിപ്പിക്കുന്നതിൽ മുൻപിലുള്ള സംസ്ഥാനങ്ങളാണ്.