കേരളത്തിനുള്ള വിലക്ക് മാറി; സൗദിയിലേക്കു പഴം കയറ്റുമതി വീണ്ടും
നിപ്പാ വൈറസ് വ്യാപന ഭീതിയിൽ കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതോടെ കേരളത്തിലെ പഴവിപണി വീണ്ടും ഉണര്‍വില്‍. ശീതീകരിച്ചതും സംസ്കരിച്ചതുമായ പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ ഇനി മുന്‍പത്തേതുപോലെ കയറ്റി അയയ്ക്കാന്‍ കഴിയും. <br> <br> നിരോധനം പിന്‍വലിച്ചശേഷം 20 ടണ്ണോളം ചരക്ക് ദിനംപ്രതി കരിപ്പൂര്‍ വിമാനത്താവളം വഴി മാത്രം സൗദിയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ടെന്ന് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.ഇ. അഷ്റഫ് പറഞ്ഞു. മറ്റു വിമാനത്താവളങ്ങൾ വഴിയും സൗദിയിലേക്കുള്ള കയറ്റുമതി പൂർവസ്ഥിതിയിലായി. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പഴങ്ങള്‍ സൗദിയിലേക്ക് കയറ്റി അയയ്ക്കാനും വിപണി സജീവമാക്കാനും കഴിയും. 150 ടണ്ണോളം പഴങ്ങളും ഉത്്പന്നങ്ങളും കേരളത്തിൽനിന്ന് സൗദിയിലേക്ക് ദിനംപ്രതി കയറ്റി അയയ്ക്കുന്നുണ്ട്. കേരളത്തിലെ പഴങ്ങളുടെ എറ്റവും വലിയ വിപണിയായിരുന്നു സൗദി അറേബ്യ. എന്നാല്‍, നിപ്പാ വൈറസ് ഭീതിയില്‍ കേരളത്തില്‍നിന്നുള്ള പഴങ്ങള്‍ക്ക് കഴിഞ്ഞ ജൂൺ മുതൽ സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ വിപണി തളര്‍ന്നു. യുഎഇ, ബഹറിന്‍, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ കേരളത്തില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്കുള്ള വിലക്ക് നേരത്തേതന്നെ പിന്‍വലിച്ചിരുന്നു. സൗദിയിലെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾവഴി ഇനി കേരളത്തില്‍നിന്നുള്ള പഴങ്ങള്‍ മുന്‍കാലങ്ങളിലേതു പോലെ എത്തും. ഇത് കേരളത്തിലെ നാടന്‍ പഴങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സൗദിയിലെ മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും.
ഇതോടൊപ്പം കേരളത്തിലെ പഴംവിപണിയില്‍ വിലകൂടുകയും ചെറുകിട കര്‍ഷകര്‍ക്ക് ഇത് ആശ്വാസമാകുകയും ചെയ്യും. കേരളത്തിലെ മാങ്ങയോടും നേന്ത്രപ്പഴത്തിനോടും സൗദി മാര്‍ക്കറ്റില്‍ വലിയ താത്പര്യമാണ്. എന്നാല്‍ നിപ്പാ കാലത്ത് വവ്വാല് കടിച്ചതും അല്ലാത്തതുമായ പഴങ്ങള്‍ കഴിക്കരുതെന്ന പ്രചാരണം ശക്തമായതോടെ പഴംവിപണി ഇടിഞ്ഞു. കയറ്റുമതിയും നിലച്ചു. ജൂലൈയില്‍തന്നെ സംസ്ഥാനം നിപ്പാ വിമുക്തമാണെന്ന് പ്രഖ്യാപിച്ചെങ്കിലും സൗദി അധികൃതർ നിരോധനം നീക്കിയിരുന്നില്ല. റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിലേക്കാണ് കേരളത്തില്‍നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റി അയയ്ക്കുന്നത്. ജനപ്രതിനിധികളും വിദേശകാര്യ മന്ത്രാലയവും നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് വിലക്ക് നീങ്ങിയത്. റംസാന് കാലത്തുതന്നെ നിരോധനം നീക്കാന്‍ ശക്തമായ സമ്മര്‍ദവും ഉണ്ടായിരുന്നു