ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ അംഗീകാരം റദ്ദാക്കി
ബംഗളൂരു ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ അംഗീകാരം റദ്ദാക്കി. വിദേശ ഫണ്ടുകള്‍ സ്വീകരിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം റദ്ദാക്കിയത്. സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് (എന്‍ജിഒ) വിദേശ ഫണ്ടുകള്‍ സ്വീകരിക്കണമെങ്കില്‍ ഫോറിന് കോണ്ട്രിബ്യൂഷന് രജിസ്റ്റേഡ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം.
ഇന്‍ഫോസിസ് ഫൗണ്ടേഷന് കഴിഞ്ഞ വര്‍ഷം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആറു വര്‍ഷത്തെ വരുമാനവും ചെലവുകളും വെളിപ്പെടുത്താന്‍ സ്ഥാപനത്തിനു കഴിഞ്ഞില്ല.ഇതിനാലാണ് അംഗീകാരം റദ്ദാക്കിയത്.
1996ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷന് വിദ്യാഭ്യാസം, ഗ്രാമ വികസനം, ആരോഗ്യ സംരക്ഷണം, കലാ-സാംസ്കാരിക മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. സുധാ മൂര്‍ത്തിയാണ് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയാണ് സുധാ മൂര്‍ത്തി.
അതേസമയം, കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം 1,755 എന്‍ജിഒകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ചുരുക്കം ചില സ്ഥാപനങ്ങള്ക്കൊഴിച്ച് ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും വരവ്-ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.