വ്യാപാറിലെ ആകര്‍ഷണമായി സെല്‍ഫി റോബോട്ട്
'നമുക്ക് ഒരു സെല്‍ഫി എടുക്കാം' എന്നു പറഞ്ഞാണ് റോബോട്ട് മന്ത്രിയെ സ്വാഗതം ചെയ്തത്. ക്ലിക്കിന് 30 സെക്കന്‍ഡിനുള്ളില്‍ അതിന്‍റെ പ്രിന്‍റ് നീട്ടിയപ്പോള്‍ മന്ത്രിയും ഒപ്പമുള്ളവരും വിസ്മയം കൂറി. 'ഇത്ര പെട്ടെന്ന്, അതും ഇത്രയും വ്യക്തതയുള്ള പ്രിന്‍റ്' മന്ത്രി അത്ഭുതം മറച്ചുവച്ചില്ല. യന്ത്രമനുഷ്യനൊപ്പമുള്ള സെല്‍ഫി പ്രിന്‍റുമായി മന്ത്രി പ്രദര്‍ശനത്തിലെ മറ്റു സ്റ്റാളുകളിലേക്ക് നടന്നു. മന്ത്രിക്കൊപ്പം റോബോട്ട് സെല്‍ഫിയെടുക്കുന്നത് കൗതുകത്തോടെ കണ്ടുനിന്ന വ്യാപാറിലെ മറ്റു പ്രതിനിധികളും സെല്‍ഫിക്കായി തിരക്കുകൂട്ടി.
ബെംഗളൂരു ആസ്ഥാനമായുള്ള റോബോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ് ഇന്ത്യയാണ് നാലടി ഉയരമുള്ള ഈ റോബോട്ടിനെ വികസിപ്പിച്ചത്. പാലിയെന്‍റോളജിക്കല്‍ ഗവേഷണവും നൂതന റോബോട്ടിക് സാങ്കേതികവിദ്യയും മികച്ച കലാവിദ്യകളും സമന്വയിപ്പിക്കുന്നവയാണ് തങ്ങളുടെ റോബോട്ടുകളെന്ന് രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കമ്പനിയുടെ സ്ഥാപക സിഇഒ കിഷോര്‍കുമാര്‍ പറഞ്ഞു. മ്യൂസിയങ്ങള്‍, സയന്‍സ് സെന്‍ററുകള്‍, അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍, എഫ്ഇസികള്‍, മൃഗശാലകള്‍, റിസോര്‍ട്ടുകള്‍, ക്രൂയിസ് ലൈനുകള്‍, സ്കൂളുകള്‍, റെസ്റ്റോറന്‍റുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവയാണ് സാധാരണ ക്ലയന്‍റുകള്‍. പല മേളകളിലെയും ആകര്‍ഷണമാകാന്‍ റോബോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ് ഇന്ത്യയിലെ റോബോട്ടുകളെ ക്ഷണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോബോട്ടില്‍ ഘടിപ്പിച്ചിട്ടുള്ള പ്രിന്‍റര്‍ വഴിയാണ് ചിത്രങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നത്. എക്സിബിഷന്‍ ഹാളിന്‍റെ പ്രവേശന കവാടത്തിലുള്ള റോബോട്ട് വ്യാപാറിന്‍റെ ആദ്യദിവസത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറി. ഉദ്ഘാടന ദിനത്തിലെ ആദ്യത്തെ 100 സെല്‍ഫികള്‍ സൗജന്യമായാണ് നല്‍കിയത്. പിന്നീട് പ്രിന്‍റിന് 20 രൂപ ഈടാക്കി. നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് എക്സിബിഷനില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.