പ്രളയസെസ് ഉല്‍പന്ന വിലയ്ക്ക് മേല്‍ ചുമത്തിയേക്കും: വില ഉയരാന്‍ സാധ്യത
തിരുവനന്തപുരം: വ്യാഴാഴ്ച ധനമന്ത്രി അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ പ്രളയസെസ് ചുമത്തുക ജിഎസ്ടിക്ക് മുകളില്‍ ആയിരിക്കില്ലെന്ന് സൂചന. പകരം, പ്രളയസെസ് ഉല്‍പന്നത്തിന്‍റെ അടിസ്ഥാന വിലയ്ക്ക് മുകളിലായിരിക്കും നടപ്പാക്കുകയെന്നാണ് വിവരം. മാസങ്ങള്‍ അകലെ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളെ പ്രളയസെസ്സിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനുളള സാധ്യതയും കുറവാണ്. ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തിന്‍റെ പരിധിയില്‍ വരുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും 18 ശതമാനത്തിന്‍റെ പരിധിയില്‍ വരുന്ന തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്കും അടിസ്ഥാന വിലയോടൊപ്പം പ്രളയ സെസ് കൂടി നടപ്പാക്കാനാകും സര്‍ക്കാര്‍ ശ്രമം.
ഇതോടെ, ആഡംബര ഉല്‍പന്നങ്ങളുടെ ഗണത്തില്‍ വരുന്നവയ്ക്കും സിമന്‍റ്, സിഗരറ്റ്, എയര്‍ കണ്ടീഷനര്‍, കാറുകള്‍, ടിവി എന്നിവയ്ക്കും സംസ്ഥാനത്ത് വില ഉയര്‍ന്നേക്കും. പ്രളയസെസ് ചുമത്തുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ പോയി വിലകുറച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്ന രീതി വ്യാപകമാകാനും സാധ്യതയുണ്ട്. പ്രളയാനന്തരം നവകേരള നിര്‍മാണത്തിനായി ഒരു ശതമാനം സെസ് ചുമത്താന്‍ കേരളത്തിന് നേരത്തെ ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. രണ്ട് വര്‍ഷം കൊണ്ട് പരമാവധി പിരിച്ചെടുക്കാവുന്നത് 2,000 കോടി രൂപയാണ്. വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ പ്രളയസെസ് പ്രബല്യത്തില്‍ വന്നേക്കും. സാധാരണയായി പ്രളയസെസ് സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും വീതിച്ചെടുക്കുന്നതാണ് പതിവ്. എന്നാല്‍, പ്രളയസെസ്സിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും സംസ്ഥാന പുനര്‍നിര്‍മാണത്തിനായി കേരള സര്‍ക്കാരിന് ഉപയോഗിക്കാം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു മേല്‍ സെസ് ചുമത്തില്ലെന്നാണു സൂചന. അതേസമയം കാര്‍, ടിവി, റഫ്രിജറേറ്റര്‍, എയര്‍ കണ്ടിഷനര്‍, സിമന്റ്, സിഗരറ്റ് തുടങ്ങിയവയ്ക്കു മേല്‍ സെസ് വന്നേക്കും. വാഹനം, ടിവി, അഞ്ച് ലക്ഷം രൂപ വിലയുള്ള കാര്‍ വാങ്ങുമ്ബോള്‍ സെസ് ഇനത്തില്‍ മാത്രം 5000 രൂപ അധികം നല്‍കേണ്ടി വരും. ജിഎസ്ടിക്കു മേലായിരുന്നു സെസ് എങ്കില്‍ 28% നികുതിയുടെ ഒരു ശതമാനമായ 1400 രൂപ നല്‍കിയാല്‍ മതിയായിരുന്നു. 10 ലക്ഷത്തിന്റെ കാറിന് 10,000 രൂപയും 15 ലക്ഷത്തിന് 15,000 രൂപയും സെസ് നല്‍കണം. 50,000 രൂപ വിലയുള്ള ടിവിക്ക് 500 രൂപ സെസ് നല്‍കണം.
28% നികുതി നിരക്കുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും 18% ഉള്ള ഏതാനും ഉത്പന്നങ്ങള്‍ക്കും സെസ് ചുമത്തുമെന്നാണു സൂചന. ജിഎസ്ടി മൂന്ന് ശതമാനം ആയ സ്വര്‍ണത്തിനു മേല്‍ സെസ് ചുമത്തിയാല്‍ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അധിക ഭാരമാകും.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി 1% സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സിലാണ് സംസ്ഥാനത്തിന് അധികാരം നല്‍കിയത്. 2 വര്‍ഷം കൊണ്ട് പരമാവധി പിരിച്ചെടുക്കാവുന്നത് 2000 കോടി രൂപയാണ്. സാധാരണ ജിഎസ്ടി തുക സംസ്ഥാനവും കേന്ദ്രവും വീതിച്ചെടുക്കുകയാണെങ്കില്‍ സെസ് തുക മുഴുവന്‍ സംസ്ഥാനത്തിനു ലഭിക്കും. ഏപ്രില്‍ ഒന്നിന് സെസ് പ്രാബല്യത്തിലാകുന്നതോടെ വ്യാപാരികള്‍ ബില്ലിങ് സോഫ്റ്റ്വെയറില്‍ ഇതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തേണ്ടി വരും.