ചരക്കുസേവന നികുതി (ജിഎസ്ടി) പിരിവ് ഏപ്രിലില്‍ പത്തു ശതമാനം വര്‍ധിച്ച് 1.13 ലക്ഷം കോടി രൂപയായി
ചരക്കുസേവന നികുതി (ജിഎസ്ടി) പിരിവ് ഏപ്രിലില്‍ പത്തു ശതമാനം വര്‍ധിച്ച് 1.13 ലക്ഷം കോടി രൂപയായി. ഡിസംബറില്‍ അടക്കം മൂന്നു തവണ നികുതി നിരക്കുകള്‍ കുറച്ചശേഷവും തലേ ഏപ്രിലിനേക്കാള്‍ ഇത്രയും വര്‍ധന ഉണ്ടായത് ശുഭോദര്‍ക്കമായി സര്‍ക്കാര്‍ കണക്കാക്കുന്നു.
മാര്‍ച്ചിലെ വില്പനയുടെ അടിസ്ഥാനത്തിലുള്ളതാണ് ഏപ്രിലിലെ പിരിവ്. ധനകാര്യ വര്‍ഷത്തിന്റെ ഒടുവിലായതുകൊണ്ട് പൊതുവേ മാര്‍ച്ചില്‍ കൂടുതല്‍ വില്പന വരും. അതനുസരിച്ച് ഏപ്രിലിലെ നികുതി പിരിവും കൂടും.
കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി) ആയി 21,163 കോടി, സംസ്ഥാന ജിഎസ്ടി 28,801 കോടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി 54,733 കോടി, സെസ് 9,168 കോടി എന്നിങ്ങനെയായിരുന്നു നികുതി പിരിവ്. കേന്ദ്രത്തിനു മൊത്തം 47,533 കോടിയും സംസ്ഥാനങ്ങള്‍ക്കു മൊത്തം 50,766 കോടിയും കിട്ടും.
ജനുവരിയിലും മാര്‍ച്ചിലും പിരിവ് ഒരു ലക്ഷം കോടിക്കു മുകളില്‍ ഉണ്ടായിരുന്നു. ഏപ്രിലിലെ പിരിവിലുള്ള ഉണര്‍വ് വരും മാസങ്ങളില്‍ കാണണമെന്നില്ല. ഏപ്രിലില്‍ വാഹന വില്പനയിലും മറ്റും വലിയ ഇടിവുണ്ടായത് നികുതി പിരിവിലും പ്രതിഫലിക്കാതിരിക്കില്ല.