ജി.എസ്.ടി ഉയര്‍ത്താനുള്ള അണിയറ നീക്കം
ജി.എസ്.ടി ഉയര്‍ത്താനുള്ള അണിയറ നീക്കം ഉഷാര്‍
.
ഭക്ഷ്യ വസ്തുക്കളുള്‍പ്പെടുന്ന കുറഞ്ഞ സ്ലാബ് അഞ്ചില്‍ നിന്ന് 9-10 ശതമാനമായേക്കും
.
ജി.എസ്.ടി ഘടന പരിഷ്‌കരിക്കാനുള്ള കേന്ദ സര്‍ക്കാര്‍ നീക്കം മുന്നോട്ടെന്നു സൂചന. നിലവിലുള്ള ഏറ്റവും കുറഞ്ഞ സ്ലാബ് അഞ്ചു ശതമാനത്തില്‍നിന്ന് 9-10 ശതമാനത്തിലേക്ക് ഉയര്‍ത്തുകയാകും പ്രധാന നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ജി.എസ്.ടി കൗണ്‍സിലിനു മുന്നില്‍ വൈകാതെ നിര്‍ദ്ദേശങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ധനമന്ത്രാലയം.
ഭക്ഷ്യ വസ്തുക്കള്‍, ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നീ അവശ്യ വസ്തുക്കള്‍ക്കാണ് 5 ശതമാനം നിരക്ക് ഈടാക്കിവരുന്നത്. ഇപ്പോള്‍ നികുതി ഈടാക്കാത്ത ഏതാനും ഉത്പന്നങ്ങളെ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്.ചരക്ക് സേവന നികുതിയില്‍നിന്നുള്ള വരുമാനം കുറയുകയും സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കാന്‍ കഴിയാത്ത സാഹചര്യം കേന്ദ്രം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
നിലവില്‍ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങളെ 18 ശതമാനം സ്ലാബിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദ്ദേശവുമുണ്ട്. നടപ്പാക്കി രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ ചരക്ക് സേവന നികുതിയില്‍ കാതലായ പരിഷ്‌കാരത്തിനാണ് തയ്യാറെടുപ്പു പുരോഗമിക്കുന്നത്. 2017 ജൂലൈയില്‍ നൂറിലേറെ ഉത്പന്നങ്ങളുടെ ജിഎസ്ടി 14.4ശതമാനത്തില്‍നിന്ന് 11.6 ശതമാനമാക്കിയപ്പോള്‍ സര്‍ക്കാരിന് രണ്ടു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടത്തിനാണ് വഴിയൊരുങ്ങിയത്.നിര്‍ദ്ദിഷ്ട പരിഷ്‌കരണത്തിലൂടെ പ്രതീക്ഷിക്കുന്ന അധിക വരുമാനം ഒരു ലക്ഷം കോടി രൂപ.
സെസ് കൂട്ടുന്ന കാര്യവും പരിഗണനയിലുണ്ട്. 28 ശതമാനം നികുതി ഈടാക്കുന്ന സ്ലാബില്‍ പെട്ട ഏഴു തരം സാമഗ്രികള്‍ക്കും ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് നിലവില്‍ ഒരു ശതമാനം മുതല്‍ 290 ശതമാനം വരെ ജിഎസ്ടി സെസ് ഈടാക്കുന്നത്. ഇപ്പോള്‍ നാല് സ്ലാബുകളായാണ് ജിഎസ്ടി ഈടാക്കുന്നത്. 5 , 12, 18, 28 ശതമാനം എന്നിങ്ങനെ.
സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം നല്‍കുന്നതില്‍ കാലതാമസമുണ്ടായിരിക്കുകയാണെന്ന് ഡല്‍ഹിയില്‍ ഇന്നു നടന്ന ഹിന്ദുസ്ഥാന്‍ ടൈംസ് നേതൃത്വ ഉച്ചകോടിയില്‍ കേന്ദ്ര ധനമന്ത്രി സമ്മതിച്ചു.ജിഎസ്ടി ശേഖരത്തില്‍ സെസ് ഫണ്ട് അപര്യാപ്തമായിരുന്നു. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് 14 ശതമാനം നഷ്ടപരിഹാരം ലഭിച്ചില്ല.ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ മാനിക്കും. കൂടുതല്‍ തുക വരുന്നതോടെ പ്രശ്‌നം പരിഹൃതമാകുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഇതിനിടെ, ചരക്ക് സേവന നികുതി (ജിഎസ്ടി) ഫയലിംഗ് പ്രക്രിയ ലളിതമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ധനമന്ത്രി ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.’എല്ലാ ജിഎസ്ടി ഓഫീസുകളും ഫയലിംഗ് പ്രക്രിയ ലളിതമാക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകും. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ താല്‍പ്പര്യമുള്ളവരെ അടുത്തുള്ള ഓഫീസിലേക്ക് ദയവായി ക്ഷണിക്കുന്നു’ -മന്ത്രിയുടെ ട്വീറ്റില്‍ ഇപ്രകാരം പറയുന്നു.
ജിഎസ്ടി റിട്ടേണുകള്‍ സുഗമമാക്കുന്നതിനുള്ള പ്രതികരണം ലഭിക്കുന്നതിനായി കേന്ദ്ര ജിഎസ്ടി, സംസ്ഥാന ജിഎസ്ടി അധികൃതര്‍ രാജ്യവ്യാപകമായി യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന ധനമന്ത്രാലയത്തിന്റെ ഉത്തരവിനു പിന്നാലെയാണ് നിര്‍മ്മല സീതാരാന്റെ ട്വീറ്റ്.
നികുതിദായകരെയും നികുതി പ്രാക്ടീഷണര്‍മാരെയും കംപ്ലയിന്‍സ് മാനേജര്‍മാരെയും പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളും വാണിജ്യ, വ്യവസായ ചേംബറുകളും ഇതിനായുള്ള പരിപാടികളില്‍ പങ്കെടുക്കണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.