സെര്‍വറിലെ തിരക്കുമൂലം റിട്ടേണ്‍ ഫയല്‍ ചെയ്യാനായത് 40 ശതമാനം വ്യാപാരികള്‍ക്ക് മാത്രം
5 ലക്ഷം രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മാസംതോറുമുള്ള ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള (ജിഎസ്ടിആര്‍ 3ബി) തീയതി ഇന്നലെ അവസാനിച്ചിട്ടും ഫയല്‍ ചെയ്യാനായത് 40 ശതമാനത്തില്‍ താഴെ വ്യാപാരികള്‍ക്കു മാത്രം. സെര്‍വറിലെ തിരക്കുമൂലം ഭൂരിഭാഗം വ്യാപാരികള്‍ക്കും ഇന്നലെ ഒറ്റത്തവണ പാസ്‌വേഡ് പോലും (ഒടിപി) ലഭിച്ചില്ല. കൊറോണ വൈറസ് ഭീതിയില്‍ പണവും ബില്ലുകളും കൈമാറുന്നതില്‍ സാങ്കേതിക പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. പല വ്യാപാരസ്ഥാപനങ്ങളിലും കച്ചവടം നടക്കാത്ത സ്ഥിതിയുമാണ്. ഈ സാഹചര്യത്തില്‍ ഫെബ്രുവരിയിലെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വ്യാപാരികള്‍ക്കു കൂടുതല്‍ സമയം അനുവദിക്കണമെന്ന് ജിഎസ്ടി പ്രാക്ടിഷ്ണേഴ്സ് അസോസിയേഷന്‍, കേരള ആവശ്യപ്പെട്ടു.