മോദി സര്‍ക്കാരിന് ആശ്വാസം; ജിഎസ്ടി വരുമാനം തുടര്‍ച്ചയായ മൂന്നാം മാസവും ലക്ഷം കോടി കടന്നു
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന് ആശ്വാസമായി രാജ്യത്തെ ചരക്കുസേവന നികുതി (ജിഎസ്ടി) വരുമാനം തുടര്‍ച്ചയായ മൂന്നാം മാസവും ഒരു ലക്ഷം കോടിയെന്ന ലക്ഷ്യം മറികടന്നു. മെയ് മാസത്തില്‍ 1,00,289 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വര്‍ധനവുണ്ടായി. 94,016 ടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ ജിഎസ്ടി വരുമാനം.
അതേസമയം, 2019 ഏപ്രിലില്‍ ജിഎസ്ടിയായി ലഭിച്ച 1.13 ലക്ഷം കോടി രൂപയെക്കാല്‍ 14 ശതമാനം കുറവാണ് മെയ് മാസത്തില്‍ ലഭിച്ചത്. 2017 ജൂലൈയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതല്‍ തുക നികുതിയിനത്തില്‍ ലഭിച്ചത്. മാര്‍ച്ചില്‍ ഇത് 1,06,577 കോടി രൂപയായിരുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നു മാസങ്ങളില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. വരും മാസങ്ങളിലും ഈ നില തുടരുമെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ കരുതുന്നത്.
മെയ് മാസം ജിഎസ്ടിയായി ലഭിച്ച 1,00,289 കോടി രൂപയില്‍ സെന്‍ട്രല്‍ ജിഎസ്ടി (സിജിഎസ്ടി) 17,811 കോടിയും സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) 24,462 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ഇനത്തില്‍ 49,891 കോടി രൂപയും പിരിച്ചെടുക്കാനായി. സെസ് ഇനത്തില്‍ 8,125 കോടി രൂപയാണ് ലഭിച്ചത്.
അതേസമയം, മെയ് മാസത്തില്‍ ജിഎസ്ടിആര്‍-3ബി റിട്ടേണായി 72.45 ലക്ഷം രൂപ നല്‍കി. ഏപ്രിലില്‍ ഇത് 72.13 ലക്ഷം രൂപയായിരുന്നു. ഇതിനു പുറമെ, 2019 ഫെബ്രുവരി- മാര്‍ച്ച് മാസത്തെ ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് 18,934 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയുണ്ടായി. വരും മാസങ്ങളില്‍ ജിഎസ്ടി വരുമാനം കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന കണക്കു കൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍.