ജിഎസ്ടി അടയ്ക്കുന്നവര്‍ക്ക് ഇനി 'റിസ്ക് സ്കോര്‍'
ജിഎസ്ടി നല്‍കുന്ന ബിസിനസുകള്‍ക്ക് ഇനി മുതല്‍ 'റിസ്ക് സ്കോര്‍' കൂടി നല്കാന്‍ പദ്ധതിയിട്ട് കേന്ദ്ര റവന്യൂ വകുപ്പ്. ഈ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു ബിസിനസ് എത്രമാത്രം കര്‍ശനമായ ഓഡിറ്റിംഗ് നേരിടണമെന്ന് അധികൃതര്‍ തീരുമാനിക്കുക.
എപ്പോഴെങ്കിലും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലോ വിശ്വാസ്യതയില്ലാത്ത എക്കൗണ്ടന്റുകളെ നിയമിച്ചാലോ നിങ്ങള്‍ക്ക് മോശം സ്കോര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അതും സ്കോറിനെ ബാധിക്കും.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഓഡിറ്റ് (ഇന്‍ഡയറക്റ്റ് ടാക്സസ്) ആണ് പദ്ധതി രുപീകരിക്കുന്നത്. 'Risky' വിഭാഗത്തില്‍പ്പെടുന്ന ബിസിനസുകളെ മൂന്നായി തരംതിരിക്കും. സ്‌മോള്‍ (10 കോടി വരെ വിറ്റുവരവുള്ള കമ്ബനികള്‍), മീഡിയം (10 മുതല്‍ 40 കോടി വരെ), ലാര്‍ജ് (40 കോടിയ്ക്ക് മുകളില്‍).
ജിഎസ്ടി നടപ്പാക്കിയ 2017-18 സാമ്ബത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ അടിസ്ഥാനമാക്കിയായിരിക്കും ഓഡിറ്റ് നടത്തുക. 2017-18 ലെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2019 ഓഗസ്റ്റ് 31 ആണ്.
CGST ഓഫിസര്‍മാരുടെ അധികാര പരിധിയില്‍പ്പെടുന്നവര്‍ക്കാണ് ഓഡിറ്റിംഗ് ബാധകമാവുക.