നികുതി വെട്ടിച്ച് കടത്തിയ സാനിറ്റൈസർ പിടികൂടി.
കേരളത്തിലെ സ്ഥാപനങ്ങളുടെ ജി.എസ്.ടി നമ്പറും വിലാസവും അനധികൃതമായി ഉപയോഗിച്ച് കടത്താൻ ശ്രമിച്ച സാനിറ്റൈസർ മലപ്പുറത്ത് പിടികൂടി. മലപ്പുറം ജില്ലയിലെ ജി.എസ്.ടി ഇന്റെലിജൻസ് വിഭാഗം സ്ക്വാഡ് -3 ആണ് വെട്ടിപ്പ് പിടികൂടിയത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കേരളത്തിലെ 16 സ്ഥാപനങ്ങളുടെ വ്യാജ പേരിലാണ് ഇത്രയും സാനിറ്റൈസർ സംസ്ഥാനത്തേക്ക് കൊണ്ട് വന്നത്. അൻപതിനായിരം രൂപക്ക് താഴെ വില രേഖപ്പെടുത്തിയ നിരവധി ബില്ലുകളുമായെത്തിയ ലോറി പരിശോധിച്ചപ്പോഴാണ് വെട്ടിപ്പ് ബോധ്യപ്പട്ടത്.
അൻപതിനായിരത്തിൽ താഴെ വിലവരുന്ന ചരക്കുകൾക്ക് ഇവെബിൽ നിർബന്ധമല്ല എന്ന നിയമത്തിലെ പഴുത് ഉപയോഗിച്ചായിരുന്നു വെട്ടിപ്പ്.
ജി.എസ്. ടി നിയമത്തിലെ
വകുപ്പ് 130 പ്രകാരം ചരക്കിന്റെ വിലയും, നികുതിയും പിഴയും ഉൾപ്പടെ 14 ലക്ഷം രൂപ ഈടാക്കി.
സ്റ്റേറ്റ് ടാക്സ് ഓഫീസർ ( ഇന്റലിജൻസ് ) ശ്യാം കൃഷ്ണന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ സി. അനസ് കുഞ്ഞ്, വിജയകൃഷ്ണൻ, രാജീവൻ, ഷബ്‌ന, ജീവനക്കാരനായ ജൂനൈദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.