ആംനസ്റ്റി 2019 നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതി സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം
കൊച്ചി: ആനംസ്റ്റി 2019 നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയിലേക്ക് വ്യാപാരികള്‍ക്ക് സപ്തംബര്‍ 30 വരെ അപേക്ഷിക്കാം. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മട്ടാഞ്ചേരി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന പദ്ധതി പ്രകാരം 2017 ജൂണ്‍ 30 വരെയുളള വാറ്റ് നികുതി, അനുമാന നികുതി, കേന്ദ്ര വില്പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ് കുടിശികകളും 2018 മാര്‍ച്ച് 31 വരെയുളള പൊതുവില്പന നികുതി കുടിശികയും 2017 മാര്‍ച്ച് 31 വരെയുളള കാര്‍ഷികാദായ നികുതി കുടിശികയും തീര്‍പ്പാക്കാം. പദ്ധതി തെരഞ്ഞെടുക്കുന്ന വില്പന നികുതി കുടിശികക്കാര്‍ ഒഴികെയുളളവര്‍ക്ക് നികുതി തുക മാത്രം നല്‍കിയാല്‍ പലിശയും പിഴയും പൂര്‍ണമായും ഒഴിവാക്കാം. പൊതുവില്പന നികുതി കുടിശികയുളള അപേക്ഷകരുടെ 2005 മാര്‍ച്ച് 31 വരെയുളള ബാധ്യതയ്ക്ക് പിഴയും ഒഴിവാക്കി നല്‍കാം. ഈ വര്‍ഷം സപ്തംബര്‍ 30 നു ശേഷം തീര്‍പ്പാക്കുന്ന അസൈസ്‌മെന്റുകള്‍ക്ക് ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം അപേക്ഷ നല്‍കാം. പദ്ധതി പ്രകാരം അടക്കേണ്ട തുക 2020 മാര്‍ച്ച് 31 ന് മുമ്പ് പരമാവധി ആറു തവണകളായി അടച്ചു തീര്‍ക്കാന്‍ സൗകര്യമുണ്ട്. റവന്യൂ റിക്കവറി നടപടികള്‍ നിലവിലുളള കുടിശികക്കാര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം. അപ്പീല്‍, റിവിഷന്‍ കേസുകള്‍ നിലവിലുളളവര്‍ക്ക് പ്രസ്തുത ഹര്‍ജികള്‍ പിന്‍വലിച്ചു പദ്ധതി തെരഞ്ഞെടുക്കാം. മുന്‍ ആംനസ്റ്റി സ്‌കീമില്‍ വീഴ്ച വരുത്തിയവര്‍ക്കും അവസരം പ്രയോജനപ്പെടുത്താമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.