ധനകാര്യ സ്ഥാപനങ്ങളുടെ കടബാധ്യത കഴിഞ്ഞുള്ള തുകയിൽനിന്ന് നികുതി കുടിശ്ശിക അവകാശപ്പെടാൻ റവന്യൂ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി
കുടിശ്ശികക്കാരുടെ വസ്തുവിന്മേലുള്ള സർക്കാറിന്റെ ബാധ്യത വസ്തു ലേലംചെയ്ത് വിറ്റാലും നിലനിൽക്കുമെന്ന് ഹൈകോടതി. ബാധ്യതയുള്ള ഭൂമി വിറ്റാലും അതിൽനിന്ന് കുടിശ്ശിക പിരിച്ചെടുക്കാൻ അവകാശമുണ്ടെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പണയ ഭൂമിയിൽ സർഫാസി, കടം തിരിച്ചുപിടിക്കൽ, പാപ്പർ നിയമം തുടങ്ങിയവ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന അധികാരത്തിനും മേലെയല്ല സംസ്ഥാന റവന്യൂ അധികൃതർ അവകാശപ്പെടുന്ന പ്രഥമാധികാരമെന്നടക്കം വ്യക്തമാക്കി സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിവിധ നികുതി കുടിശ്ശികകൾ ഈടാക്കാനെന്ന പേരിൽ, പണയ വസ്തുക്കൾ സർക്കാർ ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് ഒരുകൂട്ടം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകിയ ഹരജികൾ തീർപ്പാക്കിയായിരുന്നു 2019ൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കുടിശ്ശികയുമായി ബന്ധപ്പെട്ട് പ്രഥമാവകാശമുണ്ടെന്ന് വാദിക്കാമെങ്കിലും റവന്യൂ അധികൃതർക്ക് ഭൂമിക്കുമേൽ അധികാരം ഉന്നയിക്കാനാവില്ലെന്നായിരുന്നു സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ധനകാര്യ സ്ഥാപനങ്ങളുടെ കടബാധ്യത കഴിഞ്ഞുള്ള തുകയിൽനിന്ന് നികുതി കുടിശ്ശിക അവകാശപ്പെടാൻ റവന്യൂ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.