ഇ-ഓഫീസ് സംവിധാനം വിജയകരമായി നടപ്പാക്കാന്‍ ഭരണസമിതികള്‍ തയ്യാറാകണം: ജില്ലാ കളക്ടര്‍
Ernakulam :- ഇ-ഓഫീസ് സംവിധാനം വിജയകരമായി നടപ്പാക്കാന്‍ ഭരണസമിതികള്‍ സന്നദ്ധത കാണിക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നതോടെ ഓഫീസുകളുടെ സ്ഥല സൗകര്യങ്ങള്‍ ഉള്‍പ്പെടെ മെച്ചപ്പെടുത്താന്‍ സാധിക്കും. അതോടൊപ്പം ഫയലുകളുടെ സുരക്ഷയും സ്വകാര്യതയും മെച്ചപ്പെടും. ഇ-ഓഫീസ് സംവിധാനം മികച്ച രീതിയില്‍ ഉപയോഗിച്ചാല്‍ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫയലുകളെ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഫയല്‍ അദാലത്ത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇ-ഓഫീസ് വഴി എളുപ്പത്തില്‍ നടത്താന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പഞ്ചായത്ത് ഉപ ഡയറക്ടര്‍ വി.പി ജോയ് അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കും തദ്ദേശ സ്ഥാപന അധ്യക്ഷര്‍ക്കും ഡിജിറ്റലായി ലഭ്യമാക്കുന്നതിനും സേവനങ്ങള്‍ സുതാര്യമാക്കുന്നതിനുമാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. പഞ്ചായത്ത് വകുപ്പും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും സഹകരിച്ചാണ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ ലഭ്യമാകുന്ന ഇരുന്നൂറിലധികം സേവനങ്ങളും അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കും. ഫയലുകളുടെ മുന്‍ഗണന തീരുമാനിക്കുന്നതിനും ഫയലുകളുടെ വിവരങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ഡയറക്ടറേറ്റിലും വിലയിരുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. എറണാകുളം ജില്ലയില്‍ ആദ്യഘട്ടത്തില്‍ 11 ഗ്രാമപഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തില്‍ 15 ഗ്രാമപഞ്ചായത്തുകളിലും നിലവില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്.