സംസ്ഥാനത്തേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനൊരുങ്ങി നെക്സ്റ്റ് ജെൻ ഹയർ എജ്യൂക്കേഷൻ ഇൻ്റർനാഷണൽ കോൺക്ലേവ്
വിദേശ രാജ്യങ്ങളിലേക്ക് കൂടുമാറുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്ത് നെക്സ്റ്റ് ജെൻ ഹയർ എജ്യൂക്കേഷൻ ഇൻ്റർനാഷണൽ കോൺക്ലേവ്. ഇന്നു തുടങ്ങുന്ന കോൺക്ലേവിന് മുന്നോടിയായി നടന്ന പ്രീ കോൺക്ലേവായിരുന്നു വ്യത്യസ്തമായ ചർച്ചകളാൽ ശ്രദ്ധേയമായത്.
"സമഗ്രമായ അന്താരാഷ്ട്ര വൽക്കരണം" എന്ന വിഷയത്തിൽ നടന്ന ശിൽപ്പശാലയിൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും ചർച്ച ചെയ്തു. അമേരിക്കയിലെ മിഷിഗൺ ഫ്ലിൻ്റ് യൂണിവേഴ്സിറ്റിയിലെ സീനിയർ ഇൻ്റർനാഷണൽ ഓഫീസറും സെൻ്റർ ഫോർ ഗ്ലോബൽ എൻഗേജ്മെൻ്റ് ഡയറക്ടറുമായ ഡോ. സക്കറിയ മാത്യു നേതൃത്വം നൽകി. വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ സമഗ്രമായ അന്താരാഷ്ട്രവൽക്കരണം കരിക്കുലം, അധ്യാപകരുടെയും ബന്ധപ്പെട്ട ജീവനക്കാരുടെയും പിന്തുണ, പങ്കാളിത്തം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിപദ്ധത, നയരൂപീകരണം, മികച്ച നേതൃത്വം, ഘടന, വിദ്യാർത്ഥികളുടെ ഒഴുക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പഠിക്കാൻ എത്തുന്ന വിദേശികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് സ്ഥാപനങ്ങളിൽ ഇവർക്ക് വേണ്ടി പ്രത്യേക ഓഫീസുകൾ സജ്ജീകരിക്കുകയും വിദ്യാർത്ഥികളോട് ഉദാരമായ സമീപനം സ്വീകരിക്കുകയും വേണമെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ബി. അനന്തകൃഷ്ണൻ പറഞ്ഞു. കേരള സംസ്കാരം, കല, ഭാഷ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചെറിയ കോഴ്സുകൾ ആരംഭിക്കണം. വിദേശ വിദ്യാർത്ഥികൾക്ക് കൂടി ഉപകാരപ്പെടുന്ന നിലയിൽ അധ്യാപകരെ ശാക്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണയെ തുടർന്ന് നിശ്ചലാവസ്ഥയിലായ വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക് കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എജ്യൂക്കേഷൻ ഡയറക്ടർ വിവേക് മൻസുഖാനി വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് വിദ്യാദ്യാസത്തിനായി വിദേശത്തേക്ക് പോകുന്നവരുടെ 10 ശതമാനം മാത്രമാണ് പഠനാവശ്യത്തിനായി ഇവിടേക്ക് വരുന്ന വിദേശികളുടെ എണ്ണമെന്ന് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷനിലെ പ്രൊഫസറായ നീത ഇനാംദാർ പറഞ്ഞു. വിദ്യാർത്ഥികളോടുള്ള തദ്ദേശീയരുടെ സമീപനം ഇതിന് കാരണമാകുന്നുണ്ടെന്നും വിദേശ വിദ്യാർത്ഥികളെ കൂടി ഉൾക്കൊണ്ട് കൊണ്ട് ക്യാമ്പസുകൾ മാറിച്ചിന്തിക്കണമെന്നും നീത കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനുള്ള ചെറിയ കരിക്കുലം തയ്യാറാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും തദ്ദേശീയരുമായി സാംസ്കാരിക വിനിമയത്തിനുള്ള സൗകര്യം ഒരുക്കണമെന്നും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫീക് ആൻഡ് അക്കാഡമിക് കോളേബറേഷൻ്റെ സ്ഥാപക ചെയർമാൻ പ്രൊഫ. സണ്ണി ലൂക്ക് വ്യക്തമാക്കി.
ഫാർമസ്യൂട്ടിക്കൽ മേഖലയെ കുറിച്ചുള്ള പഠനത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട കേരളത്തിൻ്റെ സാധ്യതകളെ കുറിച്ചും പ്രീ കോൺക്ലേവിൽ ജനീവ ആസ്ഥാനമായ ഡ്രഗ്സ് ഫോർ നെഗ്ലക്റ്റഡ് ഡിസീസ് ഇനീഷ്യേറ്റീവിലെ ഡോ. മൗസുമി മൊണ്ടാൽ പറഞ്ഞു.
നിലവിൽ പങ്കാളിത്തമുള്ള രാജ്യങ്ങൾക്ക് പുറമേയുള്ള രാജ്യങ്ങളിൽ നിന്ന് കൂടി വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ വേണമെന്ന് ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി. പ്രൊഫസർ ഡോ. എസ് ഷാജി പറഞ്ഞു. ഇതിനായി പുതിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ള കോഴ്സുകൾ, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ, ഓൺലൈൻ കോഴ്സുകൾ തുടങ്ങിയവ ആരംഭിക്കണമെന്നും കൂട്ടിച്ചേർത്തു.
കേരളത്തിൽ വിദേശ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ഹരിയായിലെ ഒ.പി ജിൻ്റാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ അസി. പ്രൊഫസറായ ഡോ. തത്യാന ബെലാസോവ കൂട്ടിച്ചേർത്തു. തത്യാന നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളായിരുന്നു പ്രീ കോൺക്ലേവിൽ അവതരിപ്പിച്ചത്.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...